വെള്ളപ്പൊക്കം: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ നവീകരണത്തിന്​ 70 കോടിയുടെ പദ്ധതി

ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡ് നവീകരണത്തിന് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ച ശേഷമാകും നവീകരണം ആരംഭിക്കുക. ഒരു കിലോമീറ്റർ പാതയുടെ നിർമാണത്തിന് മൂന്നുകോടി വീതം ഏകദേശം 70 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നു. മന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമൽവർധൻ റാവു, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ അജിത് പാട്ടീൽ എന്നിവർ റോഡ് പരിശോധിച്ചു. റോഡിലെ താഴ്ന്നുപോയ ഭാഗം ഉയർത്തും. റോഡ് വശങ്ങൾ കോൺക്രീറ്റ് കെട്ടി സംരക്ഷിക്കാനും നടപടിയുണ്ടാകും. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിക്കാണ് ആദ്യ പരിഗണന. ഇതിന് 35 ലക്ഷം രൂപ അനുവദിച്ചു. എ.സി റോഡിലെ വെള്ളക്കെട്ട് കുറക്കാൻ എഴുകാട് പാടശേഖരത്തിൽ ജലസേചന വകുപ്പ് മടകുത്തൽ തുടർന്നുവരുകയാണ്. ഇത് പൂർത്തിയായാൽ മൂല പൊങ്ങംപറ, നാലുതോട്, മണിമലക്കാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനാകും. ഇതുവഴി ഏറ്റവും കൂടുതൽ വെള്ളക്കെട്ടുള്ള മങ്കൊമ്പ് ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിക്കാനാവും. നെടുമുടി ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി പടച്ചാൽ പാടശേഖരത്തിൽ മടകുത്തൽ ആരംഭിച്ചു. തുടർച്ചയായ 17ാം ദിവസവും എ.സി റോഡിൽ വെള്ളക്കെട്ട് തുടരുകയാണ്. നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി, ഒന്നാംകര തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. ചങ്ങനാശ്ശേരിയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പള്ളിക്കൂട്ടുമ്മവരെയാണ് സർവിസ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.