അടിമാലി: കനത്ത മഴയെത്തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ ഭാഗത്ത് റോഡ് ഇടിഞ്ഞ് ഗതാഗതം ഭാഗികമായി നിലച്ചു. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലാണ് ടാറിങ് ഉൾപ്പെടെ ഇടിഞ്ഞത്. വാളറക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപമാണ് റോഡ് അപകടാവസ്ഥയിലായത്. ഈ ഭാഗത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ഈ ഭാഗത്ത് ഒറ്റവരി ഗതാഗതം ഏർപ്പടുത്തി. ചെറുവാഹനങ്ങൾ വാളറ വടക്കേച്ചാൽ കാവേരിപ്പടി വഴിയും ഭാരമുള്ള വാഹനങ്ങൾ നേര്യമംഗലം-പനംകുട്ടി-കല്ലാർകുട്ടി വഴിയും തിരിച്ചുവിട്ടിരിക്കുകയാണ്. ആവശ്യമായ ക്രമീകരണങ്ങൾക്ക് മൂന്നാർ ഡിവൈ.എസ്.പിയെ കലക്ടർ ചുമതലപ്പെടുത്തി. ഇതേ പാതയിൽ തലക്കോട് വെള്ളാമക്കുത്തിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴി ചെറുവാഹനങ്ങൾ കടന്നുപോകുന്നില്ല. ചൊവ്വാഴ്ച മഴ ശക്തമായതോടെ ദേശീയപാതയിൽ പലയിടത്തും വെള്ളം കയറിക്കിടക്കുകയാണ്. മണ്ണിടിഞ്ഞും ഇൗ പ്രദേശത്ത് ഇടക്കിടെ ഗതാഗതം മുടങ്ങുന്നുണ്ട്. മൂന്നുദിവസം ശക്തി കുറഞ്ഞ മഴ ചൊവ്വാഴ്ച പുലർച്ച മുതൽ വീണ്ടും സജീവമായതോടെയാണ് മണ്ണിടിച്ചിൽ വ്യാപകമായത്. മൂന്നാറിലേക്കുള്ള ഗതാഗതത്തെ മണ്ണിടിച്ചിൽ ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.