കോഴിപ്പള്ളിയിലെ ദുരിതം: തൊടുപുഴ തഹസിൽദാർ റിപ്പോർട്ട്​ തേടി

തൊടുപുഴ: മണ്ണിടിഞ്ഞ് വഴി അടഞ്ഞ് കോഴിപ്പള്ളിയിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യവും പ്രദേശവാസികളുടെ ദുരിതവും സംബന്ധിച്ച് റവന്യൂ വകുപ്പ് റിപ്പോർട്ട് തേടി. ജില്ല ഭരണകൂടത്തി​െൻറ നിർദേശപ്രകാരം തൊടുപുഴ തഹസിൽദാർ വിനോദ് രാജ് വെള്ളിയാമറ്റം വില്ലേജ് ഒാഫിസറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മലയിടിഞ്ഞ് വഴിയില്ലാതായ വെള്ളിയാമറ്റം പഞ്ചായത്തിലെ കോഴിപ്പള്ളിവാസികളുടെ ദുരിതം 'മാധ്യമം' ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുമെന്ന് വില്ലേജ് ഒാഫിസർ മായ തങ്കപ്പൻ 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച തോരാതെ പെയ്ത മഴയിലാണ് കോഴിപ്പിള്ളിയിൽ വൻ മണ്ണിടിച്ചിലുണ്ടാകുന്നത്. 10 ഏക്കറോളം ഒലിച്ചുപോവുകയും ഇവിടത്തുകാർക്ക് സമീപപ്രദേശമായ പൂമാലയിലേക്ക് പോകാനും കുട്ടികൾക്ക് സ്കൂളിലെത്താനുമുണ്ടായിരുന്ന ഏക മാർഗം മണ്ണ് വന്ന് മൂടുകയുമായിരുന്നു. 26 കുട്ടികൾ പൂമാല ട്രൈബൽ സ്കൂളിലാണ് പഠിക്കുന്നത്. മഴയവധി കഴിഞ്ഞ് ക്ലാസ് തുടങ്ങിയിട്ടും ഇതുവരെ സ്കൂളിലെത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇതിലൂടെ പ്രദേശവാസികൾ സാഹസികമായാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതിനിടെ പത്താം ക്ലാസിൽ പഠിക്കുന്ന പൂമാല ട്രൈബൽ സ്കൂളിലെ കുട്ടികളെ ഹോസ്റ്റലിലേക്കും സ്കൂളിലേക്കും എത്തിക്കാൻ പി.ടി.എ രംഗത്തുണ്ട്. ശനിയാഴ്ച പത്താം ക്ലാസ് വിദ്യാർഥികളായ മൂന്ന് പെൺകുട്ടികളെ ട്രൈബൽ ഹോസ്റ്റലിലെത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച രണ്ടുപേർ കൂടി എത്തും. അപ്പോഴും ആൺകുട്ടികളെ എവിടെ പാർപ്പിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നതായി പി.ടി.എ ചൂണ്ടിക്കാട്ടി. ജില്ല ഭരണകൂടം ഗതാഗതമാർഗം ഒരുക്കാൻ അടിയന്തര നടപടി സ്വീകരിച്ചാലേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.