ഇടുക്കി ഡാം തുറന്നുവിടൽ ഒഴിവാക്കാൻ ഉൽപാദനം കൂട്ടി; ജലനിരപ്പിൽ വർധന

തൊടുപുഴ: ഇടുക്കി ഡാം തുറക്കൽ സാധ്യത വർധിപ്പിച്ച് നീരൊഴുക്ക് ശക്തമായിരിക്കെ വൈദ്യുതി ഉൽപാദനം കുത്തനെ ഉയർത്തി. പരമാവധി ജലം ഉപയോഗിക്കുക വഴി തുറക്കൽ ഒഴിവാക്കാനാണിത്. ഒരാഴ്ചയായി ഉൽപാദനം ഘട്ടംഘട്ടമായി വർധിപ്പിക്കുകയാണ്. അതേസമയം, ഉൽപാദനം വർധിപ്പിച്ചിട്ടും തലേന്നത്തെക്കാൾ ജലനിരപ്പ് ഉയരുകയായിരുന്നു ശനിയാഴ്ച. ഇടുക്കി ഡാമിലെ ശനിയാഴ്ചത്തെ ജലനിരപ്പ് 2383.64 അടിയാണ്. കഴിഞ്ഞവർഷം ഇൗ ദിവസത്തെക്കാൾ 64.92 അടി കൂടുതലാണിത്. ശനിയാഴ്ച മാത്രം ജലനിരപ്പ് 1.38 അടിയാണ് ഉയർന്നത്. 44.307 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ശനിയാഴ്ച മാത്രം ഡാമിലെത്തിയത്. സംഭരണശേഷിയുടെ 78 ശതമാനം ജലമുണ്ട് ഡാമിലിപ്പോൾ. രണ്ടാംഘട്ട മൺസൂണും തുലാമഴയും അവശേഷിക്കെയാണ് റെക്കോഡ് ജലനിരപ്പ്. 20.64 അടി ജലം കൂടി മതി ഡാം നിറയാൻ. 2403 അടിയാണ് പൂർണ സംഭരണശേഷി. അതേസമയം, 2401ൽ ജലനിരപ്പ് എത്തിയാൽ ഡാം തുറന്നുവിടും. ഇപ്പോഴത്തെ നിലയിൽ ഇടുക്കി ഡാം തുറക്കാൻ 18.64 അടി ജലം കൂടി മതിയാകും. മഴ ദുർബലമായെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതും പോഷക അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന് തുറന്നതുമാണ് ജലനിരപ്പ് ഉയർത്തുന്നത്. 9.843 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച മാത്രം ഇടുക്കിയിൽ ഉൽപാദിപ്പിച്ചത്. 8.315 ദശലക്ഷം യൂനിറ്റായിരുന്നു തൊട്ടുതലേന്ന്. മുമ്പുള്ള ദിവസങ്ങളിൽ 2.244, 4.116 ദശലക്ഷം യൂനിറ്റ് വീതമായിരുന്നു ഉൽപാദനം. 1705. 84 ദശ ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഡാമിൽ ആകെയുള്ളത്. 4.26 സ​െൻറിമീറ്റർ മഴയാണ് പദ്ധതി പ്രദേശത്ത് ശനിയാഴ്ച ലഭിച്ചത്. രണ്ടു ദിവസം മുമ്പ് വരെ ഒരാഴ്ച തുടർച്ചയായി മൂന്ന് മുതൽ നാലുവരെ അടിയാണ് ജലനിരപ്പ് ഉയർന്നെതങ്കിൽ രണ്ടുദിവസമായി ഇത് പരമാവധി ഒന്നര അടിവരെയായി താഴ്ന്നു. മഴയുടെ ശക്തി കുറഞ്ഞിരിക്കെ വൈദ്യുതി ഉൽപാദനം കൂട്ടി തുറന്നുവിടൽ ഒഴിവാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് വൈദ്യുതി വകുപ്പ് അധികൃതർ. ശരാശരി മഴ തുടർന്നാൽ 20 ദിവസത്തിനുള്ളിലും മഴ ശക്തമായാൽ എട്ട് ദിവസത്തിനുള്ളിലും ഡാം തുറന്നുവിടേണ്ടിവരുെമന്നതാണ് സ്ഥിതി. മുമ്പ് രണ്ടുതവണ മാത്രമാണ് ഇടുക്കി ഡാം തുറന്നത്. അവസാനം തുറന്നുവിട്ടത് 1992ലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.