കുന്നത്തുകളത്തിൽ നിക്ഷേപക തട്ടിപ്പ്​: സ്​ഥാപനങ്ങൾ പൂട്ടിയത്​ ആസൂത്രിതമായി​

കോട്ടയം: കുന്നത്തുകളത്തിൽ നിക്ഷേപക തട്ടിപ്പുകേസിൽ അറസ്റ്റിലായ സ്ഥാപന ഉടമ കെ.വി. വിശ്വനാഥൻ അടക്കമുള്ളവർ സ്ഥാപനങ്ങൾ പൂട്ടി ഒളിവിൽപോകാൻ മുൻകൂട്ടി തയാറെടുപ്പ് നടത്തിയിരുന്നതായി അന്വേഷണ സംഘം. വിശ്വനാഥ​െൻറ മകളുടെ കുട്ടി പഠിച്ചിരുന്ന സ്കൂളിൽനിന്ന് ടി.സി വാങ്ങി കൊടുങ്ങല്ലൂരിലെ ഒരു സ്കൂളിലേക്ക് ചേർത്തിരുന്നു. മറ്റ് പല തയാറെടുപ്പുകളും ഇവർ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുങ്ങിയ ശേഷവും ആസൂത്രിതമായിരുന്നു ഇവരുെട ഒാരോ നീക്കവും. വിശ്വനാഥനും കുടുംബാംഗങ്ങളും വ്യത്യസ്ത കേന്ദ്രങ്ങളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ആദ്യഘട്ടത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെന്ന പേരിൽ വിശ്വനാഥൻ പ്രവേശനം തേടി. ഈ സമയം പൊലീസ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നില്ല. ഇത് പ്രതികൾക്ക് അനുഗ്രഹമായി. ഫോണും സ്വന്തം വാഹനങ്ങളും ഉപേക്ഷിച്ചായിരുന്നു ഇവരുടെ യാത്ര എന്നതും പൊലീസി​െൻറ നീക്കങ്ങൾക്ക് വിഘാതമായി. ഇടക്കിടെ ഇവർ താവളം മാറി. ഒളിവിൽ കഴിയാൻ അടുത്ത ബന്ധുക്കളുടെ വീടുകൾ ഇവർ ഉപയോഗിച്ചിരുന്നില്ല. മരുമക്കളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളാണ് ഇവർ തെരഞ്ഞെടുത്തത്. ഭാര്യയും മക്കളും മരുമക്കളും എവിടെയാണുള്ളതെന്ന് കൃത്യമായി അറിയാമായിരുന്നത് വിശ്വനാഥന് മാത്രമായിരുന്നു. മരുമക്കളുടെ ബന്ധുക്കളുടെ സുഹൃത്തുക്കൾ മുഖേനയായിരുന്നു ഇവർ ഓരോ കാര്യങ്ങളും നിറവേറ്റിയിരുന്നത്. അറസ്റ്റിലായ സ്ഥാപന ഉടമ കെ.വി. വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ. ജയചന്ദ്രൻ എന്നിവരെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. വൻ പൊലീസ് സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. വഞ്ചിതരായ നിരവധി നിക്ഷേപകർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇവർ പ്രതികളെ കൂക്കിവിളിച്ചാണ് വരവേറ്റത്. വിശ്വനാഥ​െൻറ മറ്റൊരു മകൾ ജിത്തു, മരുമകൻ ഡോ. സുനിൽബാബു എന്നിവർക്കായി അന്വേഷണം തുടരുകയാണ്. നോട്ട് നിരോധനമടക്കം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നാണ് അറസ്റ്റ് ചെയ്ത സന്ദർഭത്തിൽ വിശ്വനാഥൻ പറഞ്ഞത്. എന്നാൽ, അന്വേഷണ സംഘം ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. അതേസമയം, കുന്നത്തുകളത്തിൽ സ്ഥാപനങ്ങളിലെ ആസ്തി തിട്ടപ്പെടുത്തൽ ആരംഭിച്ചിട്ടില്ല. ബുധനാഴ്ച ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോടതി നടപടികൾ പൂർത്തിയാകാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.