കോട്ടയം: പരന്നവായനയിലൂടെ മാത്രമേ സർവമേഖലയിലും വിജയിച്ച് മുന്നേറാൻ കഴിയൂവെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. എം.ജി സർവകലാശാല ലൈഫ് ലോങ് ലേണിങ് വകുപ്പിൽ തുടങ്ങിയ സിവിൽ സർവിസ് പരീക്ഷ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെയും സമൂഹത്തിെൻറയും പുരോഗതി നവീനാശയങ്ങളിൽ അധിഷ്ഠിതമാണ്. ഉത്കൃഷ്ടവായന ഇതിന് അനിവാര്യമാണ്. രാജ്യത്തെ മികച്ച 10 സർവകലാശാലകളിൽ ഒന്നാകാൻ മഹാത്മാഗാന്ധി സർവകലാശാലക്ക് സർവവിധ പിന്തുണയും നൽകും. പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർവകലാശാല നടത്തിയ മുന്നേറ്റം നിയമസഭയുടെ അഭിനന്ദനം നേടിയ കാര്യവും മന്ത്രി അനുസ്മരിച്ചു. മത്സരപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർഥികൾക്ക് മികച്ച സൗകര്യമാണ് സർവകലാശാല സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്. ഡൽഹി എ.എൽ.എസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് സാറ്റലൈറ്റ് ക്ലാസുകളും സംഘടിപ്പിക്കും. മുൻ ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓണററി ഡയറക്ടർ. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ഷറഫുദ്ദീൻ, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, ഡോ. ആർ. പ്രഗാഷ്, പ്രഫ. വി.എസ്. പ്രവീൺകുമാർ, രജിസ്ട്രാർ പ്രഫ. എം.ആർ. ഉണ്ണി, വകുപ്പ് മേധാവി കെ.എ. മഞ്ജുഷ, ഡയറക്ടർ ഡോ. ആർ.എസ്. സന്ധ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.