കോട്ടയം: പൂയംകുട്ടിയിൽ ജലവൈദ്യുതി പദ്ധതിക്ക് ഇനിയും സാധ്യതയുണ്ടെന്ന് മന്ത്രി എം.എം. മണി. ഏറ്റവും ചെലവ് കുറഞ്ഞതെന്ന നിലയിൽ സംസ്ഥാനത്ത് പുതിയ ജലവൈദ്യുതി പദ്ധതികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഡാമുകളുടെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കുമായി ആരംഭിച്ച ഡാം സേഫ്റ്റി ഓർഗനൈസേഷനായി കോട്ടയം പള്ളത്ത് നിർമിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നിർമാണം നടന്നുവരുകയാണ്. എന്നാൽ, ഇതുകൊണ്ട് മാത്രം ഉൗർജമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവില്ല. കൂടുതൽ പദ്ധതികൾ ആരംഭിക്കേണ്ടതുണ്ട്. വൻകിട ജലവൈദ്യുതി പദ്ധതികളെല്ലാം ചില പ്രശ്നങ്ങളുടെ നടുവിലാണ്. അതിരപ്പിള്ളി, സൈലൻറ് വാലി, പൂയംകുട്ടി എന്നീസ്ഥലങ്ങളിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ, പൂയംകുട്ടിയിൽ സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. പ്രശ്നങ്ങൾ മാത്രം നോക്കിയാൽ ജീവിക്കാൻ കഴിയാത്ത പ്രശ്നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജലവൈദ്യുതി പദ്ധതികളുള്ള സ്ഥലങ്ങളിൽ വരൾച്ച ഉണ്ടായിട്ടില്ല. വരൾച്ചയെ അതിജീവിക്കാൻ ജലവൈദ്യുതി പദ്ധതികൾക്ക് കഴിയും. ഇടുക്കി പദ്ധതി വന്നതോടെ എറണാകുളം, കോട്ടയം, തൊടുപുഴ മേഖലകളിൽ വരൾച്ച കുറഞ്ഞു. ഭാരതപ്പുഴ അടക്കം വേനൽ തുടങ്ങുന്നതോടെ വറ്റുകയാണ്. ഡാമുകൾ ഉള്ള പ്രദേശങ്ങളിൽ ജലക്ഷാമം കുറവാണ്. അണക്കെട്ടുകൾ കുടിവെള്ള േസ്രാതസ്സുകൾ കൂടിയാണ്. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ചാണ് തമിഴ്നാട്ടിൽ കർഷകർ കൃഷി ചെയ്യുന്നത്. 50 വർഷത്തെ കാലാവധിയാണ് നിർമാണസമയത്ത് അധികൃതർ പറഞ്ഞത്. എന്നാൽ, അണക്കെട്ട് പണിതിട്ട് 100 വർഷത്തിനു മുകളിലായി. ചെറിയ പ്രശ്നങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. ഇടുക്കി അണക്കെട്ട് നിർമിച്ചതും കാലാവധി പറഞ്ഞിട്ടാണ്. അത് കാലാകാലങ്ങളിൽ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാതെ മറ്റൊരുമാർഗവുമില്ലെന്നും മണി പറഞ്ഞു . തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, കെ.എസ്.ഇ.ബി സിവിൽ ആൻഡ് എച്ച്.ആർ.എം ജനറേഷൻ ഡയറക്ടർ എസ്. രാജീവ്, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ ബിബിൻ ജോസഫ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഒ. ബാബുരാജ്, നഗരസഭ കൗൺസിലർമാരായ സാബു പള്ളിവാതുക്കൽ, പി.എൻ. സരസമ്മാൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.