കുറിഞ്ഞി പൂക്കാൻ തുടർമഴ തടസ്സം; വെയിൽ വന്നാൽ വരവായ്​ വസന്തം

മൂന്നാര്‍: 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള നീലവസന്തം ഇക്കുറി കാണാൻ കാലാവസ്ഥ കനിയണം. കുറഞ്ഞത് 15 ദിവസമെങ്കിലും വെയില്‍ എത്തിയാല്‍ മാത്രമേ നീലക്കുറിഞ്ഞിപ്പൂക്കൾ മൂന്നാറിലെ മലകളെ നിറമണിയിക്കൂ. രാജമലയില്‍ നിലവില്‍ ചെടികള്‍ വളര്‍ന്നുനിൽപുണ്ടെങ്കിലും കാലവര്‍ഷം പ്രതികൂലമായത് തിരിച്ചടിയായി. കഴിഞ്ഞദിവസം ചില ചെടികൾ മൊട്ടിെട്ടങ്കിലും മഴ കനത്തതോടെ കൊഴിഞ്ഞു. ആഗസ്റ്റ് പകുതിയോടെ ഇരവികുളം ദേശീയോദ്യാനത്തിലെ മലകളില്‍ നീലവസന്തം വിരുന്നെത്തുമെന്ന പ്രതീക്ഷക്കിടെയാണ് പതിവിലേറെ മഴ മൂന്നാറിനെ പൊതിയുന്നത്. ഇതുവരെ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഒരുലക്ഷത്തിലധികം പേര്‍ കുറിഞ്ഞിക്കാലം കാണാൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ടൂറിസം വകുപ്പി​െൻറ കണക്കുപ്രകാരം എട്ടുലക്ഷത്തിലധികം സന്ദര്‍ശകര്‍ മൂന്നാറിലെത്തും. ഇത്തരം കണക്കുകള്‍ ശരിവെക്കുന്നതാണ് ഓണ്‍ലൈനിലൂടെ ഇപ്പോൾ തന്നെ ഇത്രയേറെ ബുക്കിങ്ങായത് വ്യക്തമാകുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായാല്‍ മുന്‍കൂർ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും നിരാശരാകേണ്ടിവരും. ആഗസ്റ്റ് ഒന്നുമുതൽ 31വരെയാണ് ഇപ്പോൾ ബുക്ക് ചെയ്തവർക്ക് കാണാൻ അവസരം. ഒാരോ ദിവസവും 4000 പേർ എന്ന കണക്കിലാണിത്. കുറിഞ്ഞി പൂക്കൽ വൈകുന്തോറും ആദ്യം റിസർവ് ചെയ്തവരുടെ സാധ്യതയാണ് ഇല്ലാതാകുക. കാലവര്‍ഷം ഇപ്പോഴത്തെ രീതിയിൽ തുടരുകയും ഇത് മൂന്നാറിലും ബാധിക്കുകയുമായാൽ ഇത്തവണ കാലവസ്ഥ വ്യതിയാനത്തി​െൻറ പേരിൽ നീലവസന്തം സന്ദര്‍ശകര്‍ക്ക് അന്യമാകുമോ ആശങ്കയും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.