തിരുവല്ല: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ ഓർത്തഡോക്സ് സഭ വൈദികർ ബുധനാഴ്ച കീഴടങ്ങിയേക്കുമെന്ന് സൂചന. കേസിൽ ഉൾപ്പെട്ട എബ്രഹാം വർഗീസ്, ജോബ് മാത്യു, ജയ്സ് കെ. ജോർജ്, ജോൺസൺ പി. മാത്യു എന്നിവർ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ വിധി പറയുന്നത് അന്നത്തേക്ക് മാറ്റിയ സാഹചര്യത്തിലാണിത്. കോടതി തീരുമാനത്തിന് കാക്കുകയാണ് ഇവർ. വിധി പ്രതികൂലമായാൽ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലോ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെയോ ആവും കീഴടങ്ങൽ. വൈദികരുടെ ജാമ്യ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിച്ചിരുന്നു. ഹരജി തള്ളിയാൽ തിങ്കളാഴ്ച ഉച്ചയോടെ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. അേത തുടർന്ന് രാവിലെ 11 മുതൽ മാധ്യമപ്രവർത്തകർ ക്രൈംബ്രാഞ്ച് ഓഫിസ് പരിസരത്ത് എത്തിയിരുന്നു. വാദം കേട്ട കോടതി ഉത്തരവ് പ്രഖ്യാപിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ തിങ്കളാഴ്ച കീഴടങ്ങൽ ഉണ്ടാവില്ലെന്ന് ഉറപ്പാവുകയായിരുന്നു. വൈദികർക്കെതിരായ പരാതി കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും യുവതി ആവർത്തിച്ചത് ജാമ്യത്തിന് തടസ്സമായേക്കുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.