സൈഡ് നല്‍കിയില്ലെന്ന്​ ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം; മിന്നൽ പണിമുടക്ക്​

ചങ്ങനാശ്ശേരി: മറികടന്ന് പോകാന്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളില്‍ കയറി മര്‍ദിച്ചു. ഇതേതുടർന്ന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍നിന്ന് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ തിങ്കളാഴ്ച പണിമുടക്കി. തിങ്കളാഴ്ച രാവിലെ 9.10ന് എം.സി റോഡില്‍ കുറിച്ചി ഔട്ട്പോസ്റ്റിലായിരുന്നു സംഭവം. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന വിജയലക്ഷ്മി ബസിലെ ഡ്രൈവര്‍ തുരുത്തി കല്ലംപറമ്പില്‍ ശ്രീജിത്തിനാണ് (29) മര്‍ദനമേറ്റത്. കോട്ടയത്തുനിന്ന് പരുമലക്ക് സര്‍വിസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ് ബസ് ഡ്രൈവര്‍ മര്‍ദിച്ചതായാണ് ഡ്രൈവര്‍ ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബസ് അധികൃതര്‍ പറയുന്നതിങ്ങനെ: കുറിച്ചി ഔട്ട്‌പോസ്റ്റില്‍ ആദ്യം എത്തിയ സ്വകാര്യ ബസ് ആളെ കയറ്റി ഇറക്കുമ്പോള്‍ പിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ഹോണ്‍ മുഴക്കി. ആളെ ഇറക്കിയ ശേഷം സ്വകാര്യ ബസ് ഡ്രൈവര്‍ ബസ് ഒതുക്കി കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറോട് മുമ്പോട്ട് പോകാന്‍ സിഗ്നല്‍ കാണിച്ചു. ഈസമയം മുമ്പോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിന് സമാന്തരമായി നിര്‍ത്തി സൈഡ് നല്‍കാഞ്ഞതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. വാക്കേറ്റം രൂക്ഷമായപ്പോള്‍ മുമ്പോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിന് മുന്നില്‍ കുറുകയിട്ട് ബസില്‍നിന്നിറങ്ങിയ ഡ്രൈവര്‍ ആദ്യത്തെ ഡോറിലൂടെ സ്വകാര്യ ബസിനുള്ളില്‍ കയറി സീറ്റിലിരുന്ന ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കുറിച്ചി സ്വദേശിയാണ്. ഈസമയം ജങ്ഷനിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളും ബസില്‍ കയറി ഡ്രൈവറെ മര്‍ദിച്ചതായി പറയുന്നു. തലക്കും ശരീരത്തിലും മര്‍ദിക്കുന്നത് കണ്ട് സ്ത്രീകൾ ഉള്‍പ്പെടെയുള്ളവര്‍ ബഹളംെവച്ചു. തുടര്‍ന്നാണ് ഇവർ പിന്തിരിഞ്ഞതെന്നും പറയുന്നു. മര്‍ദനമേറ്റ ശ്രീജിത്തിനെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കുറിച്ചി സ്വദേശി സുനിലിനെതിരെ ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിന്നല്‍ പണിമുടക്കോടെ കോട്ടയം റൂട്ടില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരും പായിപ്പാട്, തൃക്കൊടിത്താനം, മാന്താനം, കൈനടി പ്രദേശത്തേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി. പായിപ്പാട് ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഇല്ലാത്തത് കൂടുതല്‍ യാത്രക്ലേശത്തിനിടയാക്കി. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ടി.എം. നളിനാക്ഷന്‍, ശ്രീകാന്ത് തിരുവഞ്ചൂര്‍, പി.കെ. അപ്പു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.