കോട്ടയം പാര്‍ലമെൻറ് സീറ്റ് വിട്ടുനൽകരുതെന്ന് കേരള കോണ്‍ഗ്രസ് എം ജില്ല നേതൃയോഗം

കോട്ടയം: 2019ലെ പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് യു.ഡി.എഫിലെ മറ്റു കക്ഷികൾക്ക് വിട്ടുകൊടുക്കരുതെന്ന് കേരള കോണ്‍ഗ്രസ്‌ എം ജില്ല നേതൃയോഗം. കേരള കോൺഗ്രസി​െൻറ സിറ്റിങ് സീറ്റായ കോട്ടയം പാര്‍ലമ​െൻറ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ്‌ കമ്മിറ്റിക്ക്‌ നേതൃയോഗം രൂപം നല്‍കി. ജോസ്‌ കെ. മാണി എം.പിയുടെ നേരിട്ടുള്ള ചുമതലയിലായിരിക്കും കമ്മിറ്റി പ്രവര്‍ത്തിക്കുക. പാര്‍ലമ​െൻറ് മണ്ഡലത്തിൽപെട്ട വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ അസംബ്ലി കമ്മിറ്റികളും നിലവില്‍ വരും. അസംബ്ലി മണ്ഡലം കമ്മിറ്റികളുടെ ചുമതല സംസ്ഥാന ഭാരവാഹികള്‍ക്കായിരിക്കും. ബൂത്ത്‌ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ, സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ബൂത്ത്‌ കമ്മിറ്റികളുടെ രൂപവത്കരണം ജൂലൈ 14, 15 തീയതികളിൽ നടക്കും. കോട്ടയം പാര്‍ലമ​െൻറ് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും 14, 15 ദിനങ്ങളില്‍ ബൂത്ത്‌ രൂപവത്കരണ യോഗങ്ങള്‍ ചേര്‍ന്ന്‌ ഭാരവാഹികളെ തെരഞ്ഞെടുക്കും. വോട്ടര്‍ പട്ടിക ബൂത്ത്‌ തലത്തില്‍ പരിശോധിച്ച്‌ പട്ടികയില്‍ പേരുചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജോസ്‌ കെ. മാണി എം.പിയുടെ നേതൃത്വത്തില്‍ നടന്ന വികസന പദ്ധതികളുടെ പ്രചാരണം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി പാര്‍ലമ​െൻറ് മണ്ഡലം അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കും. അസംബ്ലി മണ്ഡലം അടിസ്ഥാനത്തിലും ഇതേ മാതൃകയില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. ഈ മാസം 10,11 തീയതികളില്‍ നിയോജക മണ്ഡലം നേതാക്കളുടെ വിലയിരുത്തല്‍ യോഗം കോട്ടയത്ത്‌ ചേരും. 28ന്‌ വീണ്ടും ജില്ല നേതൃയോഗം ചേരും‌ം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ആഗസ്റ്റ് 16ന്‌ ജില്ല ക്യാമ്പ്‌ നടത്തും. യോഗം കെ.എം. മാണി ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ. മാണി എം.പി, ജനറല്‍ സെക്രട്ടറി ജോയ്‌ എബ്രഹാം, തോമസ്‌ ചാഴികാടന്‍, ജോബ്‌ മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ്‌, പ്രിന്‍സ്‌ ലൂക്കോസ്‌, കെ.എഫ്‌. വര്‍ഗീസ്‌, ജോസഫ്‌ ചാമക്കാല, മുഹമ്മദ്‌ ഇഖ്ബാല്‍, മാത്തുക്കുട്ടി പ്ലാത്താനം, എ.എം. മാത്യു, ജോസ്‌ ഇടവഴിക്കല്‍, മാത്തുക്കുട്ടി ഞായര്‍കുളം, മജു പുളിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.