കുമരകം മെത്രാൻ കായൽ പാടശേഖരം പരീക്ഷണശാലയായി; ഡ്രോണുകളിൽ മരുന്നുതളിക്കൽ വിജയിച്ചില്ല

കോട്ടയം: വർഷങ്ങൾക്കുശേഷം കൃഷിയിറക്കി വിപ്ലവം തീർത്ത കുമരകം മെത്രാൻ കായൽ പാടശേഖരം പുത്തൻ സാങ്കേതികവിദ്യയുടെ പരീക്ഷണശാലയായി. സംസ്ഥാനത്ത് ആദ്യമായി നെൽച്ചെടികളിൽ ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുതളിക്കുന്നത് മെത്രാൻ കായലിൽ പരീക്ഷിച്ചു. പൂർണമായും വിജയിച്ചില്ലെങ്കിലും കർഷകർക്ക് പ്രതീക്ഷപകരുന്നതായി പുത്തൻ സാങ്കേതികവിദ്യ. ഹെലികാമുകളുടെ മാതൃകയിലുള്ള ഡ്രോണുകളിൽ മരുന്നുനിറച്ച് നെൽച്ചെടികളിൽ പ്രത്യേക അളവിൽ സ്പ്രേചെയ്യുന്ന രീതിയാണ് മെത്രാൻ കായലിൽ പരീക്ഷിച്ചത്. കർണാടകയിലെ ശിവമോഗയിലടക്കം വിജയിച്ച പുത്തൻ സാങ്കേതികവിദ്യ മങ്കൊമ്പ് കീടനിയന്ത്രണ കേന്ദ്രത്തി​െൻറ നേതൃത്വത്തിലായിരുന്നു പരീക്ഷണം. മെത്രാൻ കായലിൽ അമ്ലത്വം വർ‌ധിച്ചതിനാൽ നെൽച്ചെടികൾക്ക് ദോഷകരമായ രീതിയിൽ ഇരുമ്പി​െൻറ അംശം മണ്ണിൽ കൂടി. ഇതോടെ സൂക്ഷ്മമൂലകങ്ങളടക്കം വലിച്ചെടുക്കാൻ വേരുകൾക്ക് കഴിയാതെയായി. ഈ സാഹചര്യത്തിലാണ് ഡ്രോണിൽ മരുന്നുനിറച്ച് സൂക്ഷ്മമൂലകങ്ങൾ സ്പ്രേചെയ്തത്. നൂറ് ഏക്കറിലാണ് ആദ്യഘട്ടം മരുന്ന സ്പ്രേചെയ്യാൻ തീരുമാനിച്ചതെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായി. മുൻകൂട്ടി സെറ്റ് ചെയ്യുന്ന ഉയരത്തിനും ദൂരത്തിനും അനുസരിച്ച് പറന്നുപൊങ്ങി മരുന്ന് സ്പ്രേചെയ്യുന്നതാണ് ഡ്രോണുകളുടെ രീതി. ബംഗളൂരുവിൽനിന്നുള്ള ആര്യൻ മാപ്പിങ് സൊല്യൂഷൻ എന്ന ഏജൻസിയാണ് ഡ്രോണുകളുമായി എത്തിയത്. സമുദ്രനിരപ്പിന് തുല്യമായ ഉയരമാണ് ഡ്രോണിൽ സെറ്റ് ചെയ്തിരുന്നത്. എന്നാൽ, മെത്രാൻ കായൽ സമുദ്രനിരപ്പിനും താഴെയാണ്. അളവ് സെറ്റ് ചെയ്തിരുന്നതിലെ പിഴവുമൂലം ആദ്യം പറത്തിയ ഡ്രോൺ നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണം വിട്ട് വെള്ളത്തിൽ പതിച്ചു. ഇതോടെ ഡ്രോണി​െൻറ ഷോർട്ട് സർക്യൂട്ടിനും നേരിയ കേടുപാടുണ്ടായി. ഇതോടെ രണ്ടാമത് ഉയരവും ദൂരവും സെറ്റ് ചെയ്യാനുള്ള തത്രപ്പാടിലായി അധികൃതർ. അഞ്ച് ലിറ്റർ മരുന്നുമായി കുറച്ചു ദൂരം പറന്നു. പരീക്ഷണം പൂർണതോതിൽ വിജയിച്ചില്ലെങ്കിലും ഉഷാറാകുമെന്ന വിശ്വാസത്തിലാണ് കൃഷിവകുപ്പ്. ഡ്രോണി​െൻറ തകരാർ പരിഹരിച്ച് രണ്ടുദിവസത്തിനുള്ളിൽ വീണ്ടും പരീക്ഷണം നടത്തുമെന്ന് മെങ്കാമ്പ് കീടനിയന്ത്രണകേന്ദ്രം കൃഷി ഒാഫിസർ- മാത്യു എബ്രഹാം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.