വനം വകുപ്പ്​ ഭൂമിയിൽനിന്ന്​ കോടി രൂപയുടെ യൂക്കാലി മരങ്ങൾ കടത്തി

ഇടുക്കി: വനം വകുപ്പും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറുമായി (എച്ച്.എൻ.എൽ) ഉണ്ടാക്കിയ കരാർ മറയാക്കി മൂന്നാർ റേഞ്ചിൽനിന്ന് ഒരുകോടിയോളം രൂപയുടെ യൂക്കാലി മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. ന്യൂസ് പ്രിൻറിന് ആവശ്യമായ തടി നൽകാൻ വനം വകുപ്പുമായി എച്ച്.എൻ.എല്ലിന് കരാറുണ്ട്. മൂന്നാർ ഗുണ്ടുമലൈയിലെ സ്വന്തം പ്ലാേൻറഷനിൽനിന്ന് യൂക്കാലി മരങ്ങൾ മുറിച്ച് ഫാക്ടറിയിലെത്തിക്കാൻ എച്ച്.എൻ.എല്ലിൽനിന്ന് ബിനാമി പേരിൽ ഉപകരാറെടുത്തായിരുന്നു തട്ടിപ്പ്. കരാറിൽ പറഞ്ഞതിലും ഇരട്ടിയിലേറെ സ്ഥലത്തുനിന്ന് വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തടി വെട്ടിക്കടത്തുകയായിരുന്നു. മൂന്നാർ റേഞ്ചിൽ പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ ഗുണ്ടുമലൈ ഭാഗത്ത് 14.5 ഹെക്ടർ സ്ഥലത്തെ യൂക്കാലി മുറിക്കാനായിരുന്നു കരാർ. എന്നാൽ, 31 ഹെക്ടറിലെ യൂക്കാലി 2013-14 സാമ്പത്തിക വർഷത്തിൽ വെട്ടിക്കടത്തിയതായാണ് വനം വകുപ്പ് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയത്. കരാർ പ്രകാരമുള്ള യൂക്കാലി എച്ച്.എൻ.എല്ലിൽ എത്തിച്ചെങ്കിലും ബാക്കി വിവിധ ജില്ലകളിലെ തടിമില്ലുകളിൽ വിൽപന നടത്തുകയായിരുന്നു. പിറവം സ്വദേശിയായിരുന്നു കരാറുകാരൻ. എന്നാൽ, ഇയാൾ അടിമാലിയിലെ വൻ തടിവ്യാപാരിയുടെ ബിനാമിയാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ സർക്കാർ നിരക്കിൽ കണക്കാക്കിയാൽ 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച പ്രഥമിക റിപ്പോർട്ട് പറയുന്നത്. ദേവികുളം കോടതിയിലാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്. എന്നാൽ, വിൽപന വില ഒരുകോടിക്കടുത്ത് വരുമെന്ന് കണക്കാക്കുന്നു. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഡി.ഡി.സി യോഗത്തിൽ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ ഉന്നയിച്ച ആരോപണമാണ് വനം വകുപ്പ് അന്വേഷണത്തിലെത്തിയത്. അനധികൃതമായി വെട്ടിയ ഒരു ലോഡ് തടിക്ക് 30,000 രൂപ വീതം വാങ്ങിയാണ് കൊള്ളക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നത്. വട്ടവടയിലെ കർഷകരുടെ കൈവശഭൂമിയിൽ നിൽക്കുന്ന മരം വെട്ടാൻ അവർക്ക് ലഭ്യമാക്കിയ പാസ് ഉപയോഗിച്ചാണ് വനഭൂമിയിലെ മരങ്ങൾ കടത്തിക്കൊണ്ടുപോയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടുമലൈയിൽനിന്ന് യൂക്കാലി കയറ്റിവരുന്ന ലോറി മാട്ടുപ്പെട്ടി ഡാമിന് സമീപം നിർത്തിയശേഷം അരുവിക്കാട് ചെക്ക് പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥ ഒത്താശയിൽ നൽകിയിരുന്ന പാസുമായാണ് സ്വകാര്യ മില്ലുകളിലേക്ക് പോയിരുന്നത്. അന്ന് ഫ്ലൈയിങ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഒടുവിൽ എം.എൽ.എ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് അന്വേഷണം നടന്നത്. കഴിഞ്ഞ ഡിസംബർ 30നാണ് പ്രാഥമിക റിപ്പോർട്ട് കോടതിയിൽ നൽകിയത്. ഒ.ആർ.8/17 നമ്പർ കേസ് ഇപ്പോൾ ദേവികുളം കോടതിയുടെ പരിഗണനയിലാണ്. വനം വകുപ്പ് ജീവനക്കാർ ഏലം കൃഷിയുടെ മറവിൽ വർഷങ്ങൾക്ക് മുമ്പ് ഇടമലക്കുടിയിൽ 129 ലക്ഷം രൂപ തട്ടിയെടുത്തതും മൂന്നാർ റേഞ്ചിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.