ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എൻ.ഡി.എയെ പ്രതിരോധത്തിലാഴ്ത്തി ബി.ഡി.ജെ.എസിൽ പൊട്ടിത്തെറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച പി.എസ്. ശ്രീധരൻപിള്ളയെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ ബി.ജെ.പിയിൽ ഏകദേശം ധാരണയായിരിക്കെയാണ് പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിൽ അസ്വസ്ഥത ഉടലെടുത്തിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെ നേതൃത്വം നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡൻറ് ഫിലിപ് ജോൺ പുന്നാട്ട് രാജിവെച്ചതോടെ ബി.ഡി.ജെ.എസിലെ ഭിന്നത പുറത്തായിരിക്കുകയാണ്. എൻ.ഡി.എ മുന്നണിസംവിധാനം നിലവിലില്ലാത്ത ചെങ്ങന്നൂരിൽ ജനുവരി 26ന് ജില്ല പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ ഉപതെരഞ്ഞെടുപ്പ് മുഖ്യഅജണ്ടയാക്കി ചർച്ച ചെയ്തിരുന്നു. ഇതിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ജില്ല കമ്മിറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായി സഹകരണത്തിനു തയാറല്ലെന്നും ഒറ്റക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും മുന്നണിയിലോ പ്രവർത്തിക്കുന്നതിനോ ഉള്ള സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് വകവെക്കാതെ ബി.ജെ.പിയെ പിന്തുണക്കാനുള്ള സംസ്ഥാനതല തീരുമാനമാണ് വിവാദമായത്. ഇതിലുള്ള എതിർപ്പ് പ്രകടമാക്കിയാണ് മണ്ഡലം പ്രസിഡൻറിെൻറ രാജി. ക്രിസ്ത്യാനിയായ തന്നെ പ്രസിഡൻറാക്കിയത് പാര്‍ട്ടിയുടെ മതേതര മുഖം കാണിക്കാനായിരുന്നുവെന്ന കാര്യം ജില്ല പ്രസിഡൻറിന് നൽകിയ രാജിക്കത്തിൽ ഫിലിപ് േജാൺ എടുത്തുപറയുന്നുണ്ട്. ജില്ല ഭാരവാഹികളിൽ ചിലർ തനിക്കെതിരെ രഹസ്യനീക്കങ്ങള്‍ നടത്തിയെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.