സീ പാതിരാമണൽ; സഞ്ചാരികൾക്ക്​ സൗകര്യമൊരുക്കി ജലഗതാഗത വകുപ്പ്​

കോട്ടയം: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ജലഗതാഗത വകുപ്പ് ആരംഭിച്ച 'സീ കുട്ടനാട്' ബോട്ട് സർവിസ് മാതൃകയിൽ 'സീ പാതിരാമണൽ' എന്ന പേരിൽ പുതിയ ബോട്ട് സർവിസ് ആരംഭിക്കും. കുമരകത്തുനിന്ന് കായലിലൂടെ സവാരി നടത്തി പാതിരാമണൽ, തണ്ണീർമുക്കം, കവണാറ്റിൻകര പക്ഷിസേങ്കതകേന്ദ്രം എന്നിവിടങ്ങൾ കണ്ടുമടങ്ങുന്നതിന് ടൂറിസം പാക്കേജും ആരംഭിച്ചിട്ടുണ്ട്. പുതിയ സർവിസിനായി സോളാർ ബോട്ട് ഉപയോഗപ്പെടുത്താനാണ് തീരുമാനം. പിന്നാലെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് എ.സി ബോട്ടുകളും എത്തും. പാതിരാമണൽ ദ്വീപിലെ ജൈവവൈവിധ്യം, പക്ഷിസങ്കേതം തുടങ്ങിയവ കാണുന്നതോടൊപ്പം സഞ്ചാരികളെ ആകർഷിക്കാൻ ദ്വീപിനുള്ളിൽ വാട്ടർ സ്കൂട്ടർ, പക്ഷിനിരീക്ഷണ കേന്ദ്രം, ചിത്രശലഭ പാർക്ക് എന്നിവയും സ്ഥാപിക്കും. കായൽക്കണ്ടൽ, കരക്കണ്ടൽ, ചക്കരക്കണ്ടൽ തുടങ്ങിയ കണ്ടൽചെടികളുടെയും മറ്റ് സസ്യങ്ങളുടെയും ആവാസകേന്ദ്രമാണ് ഇവിടം. വിവിധയിനം മത്സ്യങ്ങളുടെയും ജലാശയജീവികളുടെയും പ്രജനനകേന്ദ്രമാണ്. പതിവ് സർവിസുകൾക്ക് പുറമേ മുഹമ്മ, കുമരകം ജെട്ടിയിൽനിന്ന് പാതിരാമണൽ ദ്വീപിലേക്ക് പ്രത്യേക സർവിസുകൾ നടത്തും. 42 പേരെ കയറ്റാവുന്ന ബോട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രണ്ട് രീതിയിലാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. 840 രൂപയടച്ചാൽ വിനോദസഞ്ചാരികളുടെ സൗകര്യമനുസരിച്ച് ബോട്ട് ക്രമീകരിക്കും. അതല്ലാതെ ആളൊന്നിന് 10 രൂപ പ്രകാരം 420 രൂപ നൽകിയാൽ പാതിരാമണൽ ദ്വീപിലെ ജെട്ടിയിൽ ഇറക്കും. മടക്കയാത്ര എപ്പോഴാണ് നടത്തുന്നതെന്നുള്ള വിവരം മുൻകൂട്ടി അറിയിച്ചാൽ ആസമയത്ത് ബോട്ട് എത്തി സഞ്ചാരികളെ തിരികെയെത്തിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഭക്ഷണം നൽകാൻ ആലോചിക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ നടപ്പാക്കില്ല. വേമ്പനാട്ടുകായലിനും തണ്ണീർമുക്കത്തിനും കുമരകത്തിനും ഇടയിലാണ് പാതിരാമണൽ. കുമരകത്തുനിന്ന് 45 മിനിറ്റും മുഹമ്മ ജെട്ടിയിൽനിന്ന് 15 മിനിറ്റും ബോട്ട്യാത്ര നടത്തിയാൽ ദ്വീപിലെത്താം. വിദ്യാർഥികൾക്കും വിനോദസഞ്ചാരികള്‍ക്കും പാതിരാമണല്‍ ദ്വീപ് കാണാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം ദ്വീപി​െൻറ ചരിത്രം ഗൈഡുകളുടെ സഹായമില്ലാതെ ബോട്ടിലെ ജീവനക്കാർ വിവരിക്കും. പതിവ് സര്‍വിസുകള്‍ മുടക്കാതെയാവും ദ്വീപിലേക്ക് വിനോദസഞ്ചാരികളുമായി ബോട്ട്യാത്ര. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 500 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കുമ്പോഴാണ് സഞ്ചാരികള്‍ക്ക് ആശ്വാസമേകി ജലഗതാഗത വകുപ്പി​െൻറ യാത്രാസൗകര്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.