സ്വകാര്യ ബസ്​ സമരം തുടരുന്നു; കോളടിച്ച്​ കെ.എസ്​.ആർ.ടി.സി

കോട്ടയം: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ ബസ് സമരം തുടരുന്നു. രണ്ടാം ദിവസവും ബസുകൾ പൂർണമായി നിരത്തിൽനിന്ന് വിട്ടുനിന്നതോടെ ജില്ലയുടെ ഗ്രാമീണമേഖലയിൽ യാത്രക്ലേശം രൂക്ഷമായി. കോട്ടയം മെഡിക്കൽ കോളജിലേക്കടക്കം കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായെങ്കിലും ബസുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. സമരത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ വരുമാനവും കുത്തനെ ഉയർന്നു. വെള്ളിയാഴ്ച കോട്ടയം ഡിപ്പോക്ക് റെക്കോഡ് വരുമാനമായിരുന്നു. ശരാശരിയേക്കാൾ രണ്ടരലക്ഷം രൂപയുടെ വർധനയാണുണ്ടായത്. ദീർഘദൂര സർവിസുകളേക്കാൾ സ്വകാര്യ ബസ് സർവിസ് നടത്തിയിരുന്ന റൂട്ടുകളിലെ ഓർഡിനറി സർവിസിൽനിന്നാണ് കുടുതൽ തുക ലഭിച്ചത്. ശനിയാഴ്ച 14.38 ലക്ഷം രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനം. ശരാശരി 11.75-12 ലക്ഷം രൂപയായിരുന്നു ഡിപ്പോയുടെ വരുമാനം. സമരത്തി​െൻറ ആദ്യദിവസം അഞ്ച് സർവിസ് പുതുതായി ആരംഭിക്കുകയും 94 ട്രിപ് ഒാടിക്കുകയും ചെയ്തു. അയർക്കുന്നം, പാലാ, എസ്.എൻ പുരം, മെഡിക്കൽ കോളജ്, ചേർത്തല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അധിക സർവിസ് നടത്തിയത്. ശനിയാഴ്ച 92 ട്രിപ്പാണ് കോട്ടയത്തുനിന്ന് അധികമായി ഒരുക്കിയത്. ഇവിടെനിന്നുള്ള എറണാകുളം-തിരുവനന്തപുരം സർവിസ്, എറണാകുളം-കോട്ടയം, കോട്ടയം-തിരുവനന്തപുരം എന്നിങ്ങനെയാക്കി ചുരുക്കുകയും ചെയ്തു. ചങ്ങനാശ്ശേരി വഴിയുള്ള ആലപ്പുഴ സർവിസുകൾ കുമരകം വഴി മാറ്റുകയും ചെയ്തു. എം.സി റോഡിലൊഴിച്ച് ജില്ലയുടെ മറ്റ് ഭാഗങ്ങളിലെല്ലാം യാത്രക്കാർ സമരത്തെത്തുടർന്ന് വലഞ്ഞു. ജില്ലയുെട പല ഭാഗങ്ങളിലും ശനിയാഴ്ച സമാന്തര സർവിസുകളും നടന്നു. കോട്ടയം മെഡിക്കൽ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്കായിരുന്നു ഇത്തരം സർവിസ്. മിനി ബസുകളാണ് ഇത്തരത്തിൽ ഒാടിയത്. സമരത്തെത്തുടർന്ന് നഗരങ്ങളിലടക്കം പൊതുജനങ്ങളുെട എണ്ണത്തിൽ വൻ കുറവുണ്ടായി. വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞു. ശനിയാഴ്ച ആയതിനാൽ ഭൂരിഭാഗം വിദ്യാർഥികളെയും സമരം ബാധിച്ചില്ല. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പള്ളിക്കേത്താട്, മണർകാട്, പാമ്പാടി, കുമരകം, ചേർത്തല, വൈക്കം, ഇൗരാറ്റുപേട്ട, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കുറകച്ചാൽ, കങ്ങഴ, വാഴൂർ, പൊൻകുന്നം തുടങ്ങിയ മേഖലകളിൽ യാത്രക്കാർ കടുത്ത ദുരിതം നേരിട്ടു. ജില്ലയിൽ ആയിരത്തിഇരുനൂറോളം സ്വകാര്യ ബസാണുള്ളത്. ഇവയെല്ലാം പണിമുടക്കിൽ അണിനിരന്നതായി ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷൻ നേതാക്കൾ അറിയിച്ചു. മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.