സി.പി.​െഎ കോട്ടയം ജില്ല സമ്മേളന റിപ്പോർട്ട്​: യു.ഡി.എഫ്​ നേതാക്കൾക്കെതിരായ കേസുകളിൽ സർക്കാറിന്​ വീഴ്​ച

കോട്ടയം: യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസുകൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ സർക്കാറിന് വീഴ്ചയുണ്ടായെന്ന് സി.പി.െഎ കോട്ടയം ജില്ല സമ്മേളന റിപ്പോർട്ട്. കെ. ബാബുവിനും കെ.എം. മാണിക്കുമെതിരെ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് സ്വീകരിച്ച നടപടിപോലും എൽ.ഡി.എഫ് ഭരണത്തിൽ വിജിലൻസിൽ നിന്നുണ്ടാകുന്നില്ല. അഴിമതിക്കാരനായ മാണിയെ മുന്നണിയിലെടുത്ത് അതിലൂടെ മുഖ്യമന്ത്രി സ്ഥാനവും ഭരണവും തുടരണമെന്ന ചിന്തയാണ് സി.പി.എമ്മിനുമുള്ളതെന്നും ഇതിൽ പറയുന്നു. ഭരണകാലം പാർട്ടി താൽപര്യത്തിന് ഉപയോഗിക്കുകയെന്നതാണ് സി.പി.എം നയം. ഇത് സർക്കാറിന് തിരിച്ചടിയാണ്. മൂന്നാർ ഒഴിപ്പിക്കൽ, തിരുവനന്തപുരം ലോ അക്കാദമി സമരം, അതിരപ്പിള്ളി, യു.ഡി.എഫ് നേതാക്കൾക്ക് എതിരായ അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന രീതി എന്നിവ ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കുമെന്ന് പരസ്യമായി പറയുകയും മറുഭാഗത്തു കൈയേറ്റക്കാരെ സഹായിക്കുന്ന തരത്തിലുമാണ് സി.പി.എം നിലപാടുകൾ. മന്ത്രി എം.എം. മണിയുടെ ഇടപെടലുകളും കുരിശുവിഷയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ കോട്ടയം പ്രസംഗവും ഇത് ബോധ്യപ്പെടുത്തുന്നതാണ്. ജനങ്ങൾക്കിടയിൽ ഇത് മോശം പ്രതിച്ഛായയുണ്ടാക്കി. യു.ഡി.എഫ് സർക്കാറി​െൻറ അവസാന മന്ത്രിസഭയിലെ ആയിരത്തിലധികം തീരുമാനങ്ങൾ അഴിമതിയാണെന്ന് കണ്ടെത്തുകയും പരിശോധിച്ചു നടപടിയെടുക്കാൻ മന്ത്രിതല ഉപസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടും തുടർനടപടിയുണ്ടായില്ല. ഇത് കടുത്ത വീഴ്ചയാണ്. ഭക്ഷ്യവകുപ്പിന് പകരം സഹകരണവകുപ്പിലൂടെ ഭക്ഷ്യധാന്യവിതരണം സബ്സിഡി നിരക്കിൽ നൽകുന്നത് ജനങ്ങളിൽ ഭക്ഷ്യവകുപ്പിനെക്കുറിച്ച് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതടക്കം പല തീരുമാനങ്ങളിലും സി.പി.എം എകാധിപത്യ പ്രവണത കാട്ടുകയാണെന്നും ജില്ല സെക്രട്ടറി സി.കെ. ശശിധരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടന്ന ചർച്ചയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെതിരെ രൂക്ഷവിമർശനമുയർന്നു. സുനിൽകുമാർ പിണറായിയുടെ ഏജൻറായാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന െസക്രട്ടറിയുടെയും പാർട്ടിയുടെയും നിലപാടുകളോട് സുനിൽകുമാറിന് പരിഹാസമാണെന്നും പ്രതിനിധി ആരോപിച്ചു. മന്ത്രിമാർക്കും ഇടത് നേതാക്കൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാറി​െൻറ ശോഭകെടുത്തി. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കടുത്ത വീഴ്ചയും അലംഭാവവും ഉണ്ടായി. പിണറായിയുടെ ധിക്കാരനിലപാടാണ് ഇതിനു കാരണമെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സങ്കുചിത ചിന്താഗതിക്കാരനാണെന്നും സി.പി.എമ്മിന് ആവശ്യമുള്ളപ്പോൾ മാത്രം മുന്നണി മതിയെന്ന നിലയാണെന്നും പ്രതിനിധികൾ ആരോപിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.