അപകടം വിതച്ച്​ ഹൈറേഞ്ചിലെ ട്രക്കിങ്​

തൊടുപുഴ: ഹൈറേഞ്ചിലെ ട്രക്കിങ് വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. ഒരു മാനദണ്ഡവും സുരക്ഷയുമില്ലാതെ ഒാടുന്ന വാഹനങ്ങളാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. ബുധനാഴ്ച ട്രക്കിങ് ജീപ്പ് മറിഞ്ഞ് ഹരിയാന സ്വദേശി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നിയന്ത്രണംവിട്ട ജീപ്പ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മൂന്നാറിലും പരിസരത്തുമെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിനായി നിരവധി ജീപ്പുകളാണ് ട്രക്കിങ് നടത്തുന്നത്. അമിതവേഗത്തിൽ പായുന്ന ഇവ മറ്റു വാഹനങ്ങൾക്കും ഭീഷണിയാണ്. ഏറെ പഴക്കംചെന്ന വാഹനങ്ങൾ പെയിൻറടിച്ച് മനോഹരമാക്കി ട്രക്കിങ്ങിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇവയിൽ മിക്കവയുടെയും യന്ത്ര ഭാഗങ്ങളുടെ അവസ്ഥ പരിതാപകരമാണ്. അതിനാൽ തന്നെ അപകട ഭീഷണി വലുതാണ്. നിരവധി അപകടങ്ങൾ കുഞ്ചിത്തണ്ണി മേഖലയിൽ ട്രക്കിങ് ജീപ്പുകൾ വരുത്തിയിട്ടുണ്ട്. സാഹസികതക്കുവേണ്ടി കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ അമിതവേഗത്തിൽ പോകുന്ന ഇവയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവാണ്. ചെറുപ്പക്കാരാണ് ട്രക്കിങ് വാഹനങ്ങളിൽ ഭൂരിഭാഗവും ഓടിക്കുന്നത്. മൂലമറ്റത്തും ഇത്തരത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് പരിക്കേറ്റിരുന്നു. ട്രക്കിങ് വാഹനങ്ങൾക്ക് പലതിനും പെർമിറ്റ് നമ്പർപ്ലേറ്റ് മാത്രമാണുള്ളത്. അതിനാൽ അപകടങ്ങൾ സംഭവിക്കുമ്പോൾ സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കില്ല. വിനോദസഞ്ചാരകേന്ദ്രങ്ങളിലും മറ്റും സഞ്ചാരികളെ എത്തിക്കുന്ന ടാക്സി ഡ്രൈവർമാർക്ക് കമീഷൻ നൽകിയാണ് പലരും സവാരി സംഘടിപ്പിക്കുന്നത്. ട്രക്കിങ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും വാഹനങ്ങൾ മതിയായ സുരക്ഷയുള്ളതാണോ എന്നും പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തയാറായിട്ടില്ല. വൈകിയാൽ വൻ അപകടങ്ങൾക്ക് സാധ്യതകളേറെയാണ്. ദേവികുളം തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചു മൂന്നാര്‍: മുന്‍പരിചയമില്ലാതെ ഡ്രൈവർമാർ മലമുകളിലേക്ക് നടത്തുന്ന ട്രക്കിങ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദേവികുളം തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ല ഭരണകൂടം അവഗണിച്ചു. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ സഞ്ചാരികള്‍ മലമുകളില്‍ അപകടത്തിൽപെടുന്നത് പതിവായതോടെയാണ് ദേവികുളം തഹസില്‍ദാര്‍ പി.കെ ഷാജിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി ചെങ്കുത്തായ മലമുകളിലൂടെയുള്ള സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. 200 ജീപ്പുകളാണ് പള്ളിവാസൽ, ആനവരട്ടി, കുഞ്ചിത്തണ്ണി എന്നിവിടങ്ങളില്‍ സവാരി നടത്തുന്നത്. ഇത്തരം ജീപ്പുകളുടെ ഫിറ്റ്നസും രേഖകളും പരിശോധിക്കണമെന്നും സവാരി നടത്തുന്ന പാതകള്‍ അപകടം നിറഞ്ഞതിനാല്‍ അനുവാദം നിഷേധിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. രണ്ടു മാസത്തിനിടെ രണ്ടുജീവനാണ് ഇവിടെ പൊലിഞ്ഞത്. ബൈസൺവാലിയിലും സേനാപതിയിലും ഊർജ സംരക്ഷണ സെമിനാർ രാജാക്കാട്: എനർജി മാനേജ്മ​െൻറ് സ​െൻറർ, അനർട്ട്, ഗ്രീൻവാലി െഡവലപ്മ​െൻറ് സൊസൈറ്റി, ബൈസൺവാലി എട്ടാം വാർഡ്‌ എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ടിന് ബൈസൺവാലി മായൽത്ത മാത പാരിഷ് ഹാളിലും സേനാപതി സർവിസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ 12ന് രാവിലെ 10.30ന് സേനാപതി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും ഊർജ സംരക്ഷണ ബോധവത്കരണ സെമിനാർ നടക്കും. ബൈസൺവാലിയിൽ ഗ്രാമവികസന സമിതി പ്രസിഡൻറ് ഫാ. ബൈജു അച്ചിറത്തലയ്ക്കലി​െൻറ അധ്യക്ഷതയിൽ ചേരുന്ന സെമിനാർ ബൈസൺവാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ജിൻസ് ഉദ്ഘാടനം ചെയ്യും. സിറിയക് ജോസഫ് ക്ലാസ് നയിക്കും. സേനാപതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് ഉദ്ഘാടനം ചെയ്യും. ഗ്രാമവികസന സമിതി പ്രസിഡൻറ് ഫാ.അഭിലാഷ് കണ്ണാംപടം അധ്യക്ഷതവഹിക്കും. സഹകരണ ബാങ്ക് പ്രസിഡൻറ് ജയിംസ് തെങ്ങുംകുടിയിൽ പദ്ധതി അവതരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.