തൊടുപുഴ/ പീരുമേട്: ആഘോഷവും ആർഭാടവും മാറ്റിവെച്ച് ജില്ല ഒാണത്തെ വരവേൽക്കുന്നു. പ്രളയം തീർത്ത ആഘാതത്തിൽനിന്ന് ഇതുവരെ മുക്തമാകാത്ത ജില്ലക്ക് ഇത്തവണ അതിജീവനത്തിെൻറ ഒാണമാണ്. വിവിധ ക്ലബുകളും സംഘടനകളുമെല്ലാം പ്രഖ്യാപിച്ചിരുന്ന ഒാണാഘോഷ പരിപാടികളെല്ലാം മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. ഇവരെല്ലാം ഇതിനായി സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്കും ക്യാമ്പുകളിലേക്കും എത്തിച്ചിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ തിരക്കോ ആഘോഷങ്ങളോ ഇല്ലാതെയാണ് ഇത്തവണ ഉത്രാടപ്പാച്ചിൽ കടന്നു േപായത്. തൊടുപുഴ നഗരത്തിൽ മാത്രമാണ് കുറച്ചെങ്കിലും തിരക്ക് കാണാനായത്. നാമമാത്രമായ ആളുകൾ മാത്രമാണ് ഓണക്കോടി വാങ്ങാൻ കടകളിൽ എത്തിയത്. ലക്ഷങ്ങൾ വിൽപനയുള്ള കടകളിലും കച്ചവടം ഗണ്യമായി കുറഞ്ഞു. പച്ചക്കറി കടകളിലും തിരക്ക് കുറവായിരുന്നു. ഉത്രാട ദിവസം രാവിലെ എട്ടു മുതൽ സജീവമാകുന്ന ചന്തകളിൽ ആളുകൾ എത്തിയത് പത്തിന് ശേഷമാണ്. വൈകുന്നേരങ്ങളിലും മുൻ കാലങ്ങളിൽ കാണാറുള്ള തിരക്ക് കണ്ടില്ല. തെരുവു കച്ചവടക്കാരുടെയും എണ്ണം വളരെ കുറവായിരുന്നു. ജില്ലയിൽ ഇതുവരെ പ്രളയക്കെടുതിയിൽ 55 പേരാണ് മരിച്ചത്. ഏഴുേപരെയാണ് കാണാതായത്. ജില്ലയിൽ വ്യാപകമായി റോഡുകൾ വിണ്ടുകീറിയും തകർന്നും കിടക്കുന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 20,040 പേരാണ് കഴിയുന്നത്. ഇവർക്കുള്ള ഒാണകിറ്റുകൾ വിവിധ കലക്ഷൻ സെൻററുകളിൽനിന്ന് ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്. പലരും വീടുകളിലെ ആഘോഷങ്ങളും ഇത്തവണ കുറച്ചിട്ടുണ്ട്. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യം തൊടുപുഴ: പ്രളയം മൂലം ആരോഗ്യസർവകലാശാല സെപ്റ്റംബർ ആദ്യവാരത്തിലേക്ക് മാറ്റിയ ബാച്ചിലർ ഒാഫ് ഫിസിയോ തെറപ്പി (ബി.പി.ടി) കോഴ്സിെൻറ പരീക്ഷകൾ നീട്ടിവെക്കണമെന്ന് ആവശ്യം. ഒന്നാം വർഷ, രണ്ടാം വർഷ, അവസാന വർഷ വിദ്യാർഥികളുടെ പരീക്ഷകൾ നീട്ടിവെക്കണമെന്നാണ് ആവശ്യം. ആഗസ്റ്റ്16, 17, 20 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ സർവകലാശാല സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിലേക്കായിരുന്നു മാറ്റിയത്. അടുത്ത ബുധനാഴ്ചത്തെ പരീക്ഷ മാറ്റമില്ലാതെ നടത്തുമെന്നും സർവകലാശാല അറിയിച്ചിരുന്നു. എന്നാൽ, പ്രളയബാധിതരായ വിദ്യാർഥികൾക്ക് പുസ്തകവും മറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. വീടുകളിൽ വെള്ളം ഒഴിഞ്ഞെങ്കിലും അകത്ത് കയറാൻ പറ്റാത്ത സാഹചര്യമുള്ളവരും സാംക്രമിക രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവരും ഏറെയുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ഇടുക്കിയുടെ പുനര്‍നിർമാണത്തില്‍ സജീവമാകണം -കെ.കെ. ശിവരാമന്‍ ഇടുക്കി: ഇടുക്കിയുടെ പുനര്‍നിർമാണത്തില്‍ സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം എല്ലാവരും സജീവമാകണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. കെ. ശിവരാമന്‍. ആയിരം കിലോമീറ്ററിലേറെ റോഡുകള്‍ക്കും മൂവായിരത്തിലേറെ വീടുകള്‍ക്കും വലിയ നാശമുണ്ടായി. 600ല്‍പരം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. സ്ഥലവും വീടും നഷ്ടപ്പെട്ടവരും നിരവധിയാണ്. തൊടുപുഴ-കട്ടപ്പന, മൂന്നാര്‍-മറയൂര്‍-ഉടുമല്‍പേട്ട തുടങ്ങിയ പ്രധാന റോഡുകളും ഉള്‍നാടന്‍ റോഡുകളും തകര്‍ന്നിരിക്കുകയാണ്. വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ അവഗണിച്ച് ജില്ലയിലെ ജനങ്ങളാകെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും കെ.കെ. ശിവരാമന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.