മറയൂര്‍: മറയൂര്‍-മൂന്നാര്‍ റോഡില്‍ ലക്കം ഭാഗത്തുണ്ടായ വന്‍ ഉരുള്‍പൊട്ടലിനെ തുടർന്ന് ഈ വഴി ഗതാഗതം പൂര്‍ണമായി നിലച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. റോഡും സമീപത്തെ വൻ മൺതിട്ടകളും പൂര്‍ണമായി ഇടിഞ്ഞിറങ്ങി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ കൂറ്റന്‍ പാറകളും മണ്ണും നീക്കിയെങ്കിലും വീണ്ടും മണ്ണ് ഇടിഞ്ഞിറങ്ങുകയാണ്. റോഡ് വന്‍തോതില്‍ ഇടിഞ്ഞ് പോയതിനാല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍നിന്നുള്ള യാത്രികരെയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിനോദസഞ്ചാരത്തിനായി തമിഴ്‌നാട് ഉദുമല്‍പേട്ട വഴി മൂന്നാറിലെത്തുന്ന സഞ്ചാരികളെയും ഈ റോഡിെല യാത്രയിൽനിന്ന് മറയൂര്‍ പൊലീസ് വിലക്കിയിരിക്കുകയാണ്. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ വൈദ്യുതിബന്ധം നിലച്ചിട്ട് മൂന്ന് ദിവസമായി. വാര്‍ത്തവിനിമയ മാര്‍ഗങ്ങൾ തകരാറിലായതോടെ പുറംലോകവുമായുള്ള ബന്ധം നിലച്ചു. ശക്തമായ മഴയില്‍ തീര്‍ഥമലക്കുടി അംഗൻവാടി അപകടാവസ്ഥയിലായി. ചെമ്പട്ടിക്കുടിയില്‍ ആദിവാസി പെരിയസ്വാമിയുടെ വീട് പൂര്‍ണമായി തകർന്നു. പാമ്പാര്‍ പുഴ കവിഞ്ഞ് വെള്ളം ഇരച്ചെത്തി നാച്ചിവയൽ പാലം ഭാഗികമായി തകർന്നു. പുഴയുടെ കരക്കുണ്ടായിരുന്ന നിരവധി വീടുകളില്‍ വെള്ളം കയറി. കോഴിപ്പിള്ളിയിൽ നാട്ടുകാരുടെ രക്ഷാദൗത്യം * തോടുകളിൽ താൽക്കാലിക നടപ്പാലം ഉണ്ടാക്കി ഇരുപതോളം ആളുകളെ രക്ഷപ്പെടുത്തി തൊടുപുഴ: കോഴിപ്പിള്ളിയിലെ ഉരുൾപൊട്ടൽ മേഖലകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നത് വൻ രക്ഷാദൗത്യം. കഴിഞ്ഞ ദിവസം ഉരുർപൊട്ടലുണ്ടായതിനെ തുടർന്നാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കോഴിപ്പിള്ളി, മേത്തൊട്ടി എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും ഇല്ലാതായി. പ്രദേശത്തേക്ക് രണ്ട് കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് രക്ഷാപ്രവർത്തകർ എത്തിയത്. തോടുകളിൽ താൽക്കാലിക നടപ്പാലം ഉണ്ടാക്കി അതിലൂടെയാണ് ഇരുപതോളം വരുന്ന ആളുകളെ രക്ഷപ്പെടുത്തി ക്യാമ്പിൽ എത്തിച്ചത്. പ്രായമായവരെ ചുമലിലേറ്റി എത്തിക്കേണ്ടിവന്നു. ഇവരെ സുരക്ഷിതരായി നാളിയാനി സ്കൂളിലുള്ള ക്യാമ്പിൽ എത്തിച്ചു. ക്യാമ്പിൽ 170ഓളം ആളുകളെ പാർപ്പിച്ചിട്ടുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിൽ മേത്തൊട്ടിയിൽ രണ്ട് ക്യാമ്പും വെള്ളിയാമറ്റം ലത്തീൻ പള്ളി സ്കൂൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം 45ഒാളം കുടുംബം ഒറ്റപ്പെട്ടു. തൊമ്മൻകുത്ത് പുഴ നിറഞ്ഞുകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകുന്നതിനാൽ ഇവരെ പുറത്തെത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. കുട്ടികളും പ്രായമായവരുമടക്കമുള്ളവർ മണ്ണൂർക്കാട് വട്ടമറ്റത്തിൽ ജോസിെൻറ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കരിമണ്ണൂർ എസ്.െഎ സുബൈറിെൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഒാഫിസർമാരായ ഷെരീഫ്, വിജയാനന്ദ്, ഷാജഹാൻ, മുജീബ്, അയൂബ് എന്നിവർ കുത്തിയൊഴുകുന്ന പുഴയിലെ പാലത്തിലൂടെ തന്നെ ഇവർക്ക് ഭക്ഷണം എത്തിച്ചു. അരി, പഞ്ചസാര, റവ, അരിപ്പൊടി, ചായപ്പൊടി, കിഴങ്ങ്, കടല, പയർ, സവാള, പേസ്റ്റ്, ബ്രഷ്, മെഴുകുതിരി എന്നിവയാണ് എത്തിച്ചുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.