തൊടുപുഴ താലൂക്കിൽനിന്ന്​ എത്തിക്കുന്നത്​ ടൺ കണക്കിന്​ ഭക്ഷ്യധാന്യങ്ങൾ

* കോയമ്പത്തൂർ എം.എൽ.എ ആറുകുട്ടി 16 ടൺ അരി എത്തിച്ചു തൊടുപുഴ: തൊടുപുഴ താലൂക്ക് ഒാഫിസിലെ കൺട്രോൾ റൂമിൽനിന്ന് വിവിധ താലൂക്കുകളിലെയും സമീപ ജില്ലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒാരോ ദിവസവും എത്തിക്കുന്നത് ടൺകണക്കിന് ഭക്ഷ്യസാധനങ്ങൾ. കലക്ടറേറ്റിലേക്ക് അഞ്ച് ടൺ ഭക്ഷ്യധാന്യവുമായി ശനിയാഴ്ച വാഹനം പുറപ്പെട്ടു. കലക്ടറുടെ നിർദേശപ്രകാരമാണ് അരി, ഗ്യാസ് എന്നിവ എത്തിക്കുന്നത്. കലക്ടറേറ്റ് ഒറ്റപ്പെട്ട സാഹചര്യത്തിലാണ് കലക്ടർ തൊടുപുഴ തഹസിൽദാറോട് ഭക്ഷണം എത്തിച്ച് നൽകാൻ നിർദേശം നൽകിയത്. താലൂക്കിൽ 46 ക്യാമ്പിലായി 4121 പേരാണ് കഴിയുന്നത്. ഇവർക്ക് അരിയും സാധനങ്ങളും എത്തിച്ച് നൽകിയശേഷമാണ് നെടുങ്കണ്ടം, ഇടുക്കി താലൂക്കുകളിലേക്കും മൂവാറ്റുപുഴ ഉൾെപ്പടെ സ്ഥലങ്ങളിലേക്കും നൽകുന്നത്. താലൂക്ക് ഒാഫിസിലെ വിവിധ മുറികളിലായാണ് അരി സൂക്ഷിച്ചിരിക്കുന്നത്. കോയമ്പത്തൂർ എം.എൽ.എ ആറുകുട്ടി തൊടുപുഴയിൽ എത്തിച്ചുനൽകിയ 16 ടൺ അരിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഇത് കൂടാതെ വ്യക്തികളും സന്നദ്ധ സംഘടനകളും താലൂക്കിലെ കൺട്രോൾ റൂമിലേക്ക് ഭക്ഷ്യവസ്തുക്കളടക്കം എത്തിക്കുന്നുണ്ട്. ക്യാമ്പിൽ വരാതെ ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷണസാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ട്. തൊടുപുഴ തഹസിൽദാർ വിനോദ് രാജി​െൻറ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. രാവുംപകലുമില്ലാതെയാണ് ഇവിടെ ഉദ്യോഗസ്ഥരും ജോലിയിലേർപ്പെട്ടിരിക്കുന്നത്. കരിഞ്ചന്ത; താലൂക്ക് സപ്ലൈ ഒാഫിസർ പരിശോധന തുടങ്ങി തൊടുപുഴ: കരിഞ്ചന്ത വ്യാപകമാകുന്നുവെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഒാഫിസറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. തൊടുപുഴ തഹസിൽദാർ വിനോദ് രാജിന് ലഭിച്ച പരാതികളുെട അടിസ്ഥാനത്തിലാണ് ദുരിതബാധിത പ്രദേശങ്ങളിലടക്കം കർശന പരിശോധന നടത്താൻ നിർദേശിച്ചത്. ഭക്ഷ്യവസ്തുക്കൾക്ക് വിപണിയിൽ ദൗർലഭ്യമുണ്ടെന്ന് പ്രചരിപ്പിച്ച് തൊടുപുഴയിലും പരിസരത്തും വിലകൂട്ടി വിൽക്കുന്നുവെന്നും വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവെക്കുന്നുവെന്നുമായിരുന്നു തഹസിൽദാർക്ക് ലഭിച്ച പരാതി. നഗരത്തിലെ സപ്ലൈകോ സ്റ്റോറുകളിൽ വലിയ തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. ഗ്യാസ് ഏജൻസി ഓഫിസുകളിൽ വൻ തിരക്ക് കട്ടപ്പന: ഹൈറേഞ്ചിൽ പാചകവാതകത്തിന് ക്ഷാമം. ഗ്യാസ് ഏജൻസി ഓഫിസുകളിൽ വൻ തിരക്ക്. മണിക്കൂറുകളോളം വരി നിന്നാണ് പലർക്കും പാചകവാതക സിലിണ്ടറുകൾ ലഭിക്കുന്നത്. തിരക്ക് നേരിയ സംഘർഷത്തിനും വാക്തർക്കത്തിനും ഇടയാക്കുന്നുണ്ട്. റോഡുകൾ മുഴുവൻ അടച്ചതോടെ മിക്ക പമ്പുകളിലും ഇന്ധനത്തിന് ക്ഷാമമായിട്ടുണ്ട്. പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും തീർന്നതോടെ വീടുകളിൽ തീ പുകയാതായി. മലഞ്ചരക്ക് വിപണി സ്തംഭനത്തിലായതോടെ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.