* എങ്ങും ആശങ്കയും പരിഭ്രാന്തിയും വണ്ടിപ്പെരിയാർ: തോരാതെ പെയ്യുന്ന മഴക്കൊപ്പം പെരിയാർ നദി കരകവിഞ്ഞ് ഒഴുകിയതോടെ തീരവാസികൾ ആശങ്കയുടെ മുൾമുനയിലാണ് ബുധനാഴ്ച രാത്രി കഴിച്ചുകൂട്ടിയത്. മുല്ലപ്പെരിയാർ ജലം തുറന്നുവിട്ടതാണ് ഭീതി ഉയർത്തിയത്. കനത്ത മഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടതിനാൽ അണക്കെട്ടിെൻറ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നുവെന്ന് ജില്ല ഭരണകൂടത്തിെൻറ ജാഗ്രത നിർദേശം വന്നതിനു പിന്നാലെ പഞ്ചായത്ത് അധികൃതർ ഉച്ചഭാഷിണിയിലൂടെ തീരവാസികൾക്ക് നിർദേശം നൽകി. കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനായി സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ തുറന്നു. ആരാധനാലയങ്ങൾ വഴിയും നിർദേശം നൽകിയിരുന്നു. എന്നാൽ, ക്യാമ്പുകളിൽ എത്തിയവരുടെ എണ്ണം കുറവായിരുന്നു. ചപ്പാത്ത് പാലത്തിനു മുകളിലൂടെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതോടെ മുല്ലപ്പെരിയാർ താഴ്വാരത്തെ ആദ്യ ജനവാസകേന്ദ്രമായ വള്ളക്കടവ് ഗ്രാമം ഒറ്റപ്പെട്ടു. പെരിയാർ വന്യജീവി സങ്കേതത്തിലെ വനശ്രീ ഓഡിറ്റോറിയത്തിനു സമീപത്തെ പാലം വെള്ളത്തിനടിയിലായതിനാൽ വഞ്ചിവയൽ ട്രൈബൽകോളനിയും ഒറ്റപ്പെട്ടു. വള്ളക്കടവ്, കുരിശുംമൂട്, ചപ്പാത്ത്, കറുപ്പുപാലം, ഇഞ്ചിക്കാട് ആറ്റോരം, പെരിയാർ വികാസ് നഗർ, അയ്യപ്പൻകോവിൽ, പശുമല പെരിയാർ വികാസ് നഗർ, കീരിക്കര, അയ്യപ്പൻകോവിൽ പ്രദേശങ്ങളിൽ തീരത്ത് താമസിക്കുന്നവരെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. ശക്തമായ മഴ തുടർന്നതോടെ പ്രതീക്ഷിച്ചതിലും അധികജലം പെരിയാർ നദിയിലൂടെ ഒഴുകിയെത്തിയതാണ് ദുരിതമായത്. മിക്ക വീടുകൾക്കുള്ളിലും വെള്ളം കയറി. കൃഷിയിടങ്ങൾ ഒലിച്ചുപോയി. കോഴി, താറാവ് തുടങ്ങിയവ ചത്തൊടുങ്ങുകയും ചിലത് ഒഴുകിപ്പോവുകയും ചെയ്തു. തോട്ടം മേഖലയിൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ ജനം ദുരിതത്തിലായി. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയ പാതയിൽ വെള്ളപ്പൊക്കം മൂലം ഗതാഗതം പൂർണമായും നിലച്ചു. ചോറ്റുപാറ പെരിയാർ കൈത്തോട്ടിലൂടെ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെട്ടത്. പെരിയാർ നദിയിലും ഒഴുക്ക് വർധിച്ചതോടെ കക്കികവല, നെല്ലിമല എന്നിവിടങ്ങിൽ റോഡിൽ വലിയ അളവിലാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. നെല്ലിമല ജങ്ഷൻ മുതൽ പെരിയാർ ടൗൺ പെട്രോൾ പമ്പ് ജങ്ഷൻവരെ രണ്ട് കിലോമീറ്ററോളം ദൂരം റോഡ് വെള്ളത്തിനടിയിലായി. ദേശീയപാതയോരത്ത് താമസിക്കുന്ന നൂറോളം വീടുകളിൽ വെള്ളം കയറിക്കിടക്കുകയാണ്. ഇവയിൽ കുറേയധികം വീടുകളിൽനിന്ന് സ്ത്രീകളും കുട്ടികളും ബന്ധുക്കളുടെ വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറി. വസ്തുക്കൾ ഒഴുകിപ്പോകാതിരിക്കാൻ പുരുഷന്മാർ വീട്ടിൽ തന്നെ തുടരുകയാണ്. രണ്ടു ദിവസമായി വെള്ളം കെടിക്കിടക്കുന്നത് മൂലം പലകകളും ടിൻ ഷീറ്റുകളുംകൊണ്ട് നിർമിച്ച നാൽപതോളം വീടുകൾ ചരിഞ്ഞ് അപകടാവസ്ഥയിലാണ്. പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന് ചുറ്റും നാലടിയോളം ഉയരത്തിൽ വെള്ളം കയറിക്കിടക്കുന്നു. പ്രവേശന കവാടത്തിൽ തോടിനു കുറുകെയുള്ള പാലവും വെള്ളത്തിനടിയിലായി. ദേശീയപാതയിലൂടെ ഗതാഗതം സ്തംഭിച്ചതിനാൽ വണ്ടിപ്പെരിയാർ-മ്ലാമല-ചെങ്കരവഴിയും ചെങ്കര ചപ്പാത്ത്-ഏലപ്പാറ വഴിയുമാണ് വാഹനങ്ങൾ കടന്നുപോയത്. ചെങ്കര ശാന്തിപ്പാലത്തിനു മുകളിലൂടെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതിനാൽ ഗതാഗതം പൂർണമായും നിരോധിച്ചു. ചരക്കുവാഹനങ്ങൾ, സ്വകാര്യവാഹനങ്ങൾ ഏതാനും സ്വകാര്യ കെ.എസ്.ആർ.ടി.സി ബസുകൾ കുമളിയിൽനിന്ന് കട്ടപ്പന വഴിയാണ് കടന്നുപോയത്. ചെങ്കര കല്ലുമേട്ടിൽ ഉരുൾപൊട്ടി കൃഷിയിടം ഒലിച്ചുപോയി. കുമളി-ആനവിലാസം-മേരികുളം റൂട്ടിൽ പലയിടത്തും റോഡിെൻ വശങ്ങളിലെ ഭിത്തിയിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.