ഒഴുകിയെത്തിയ ദുരിതം ചപ്പാത്തുകൾ തകർത്തു; ഗ്രാമങ്ങൾ ഒറ്റപ്പെട്ടിട്ട്​ നാലുദിനം

ചെറുതോണി: അണക്കെട്ടിൽനിന്ന് തുറന്നുവിട്ട വെള്ളം തകർത്തത് വിവിധ ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരമാർഗത്തെ. അണക്കെട്ട് നിർമാണ ഭാഗമായി താൽക്കാലികമായി നിർമിച്ച പാലമാണ് ചെറുതോണിയിലുള്ളത്. ഇടുക്കി, കട്ടപ്പന ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്കും ജനങ്ങൾക്കും ചെറുതോണിയിൽ എത്താനുള്ള വഴിയാണ് ചെറുതോണിപ്പുഴക്ക് കുറുകെയുള്ള പാലം. നാലുദിവസമായി പാലത്തിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുകയാണ്. അതിശക്തമായി ഒഴുകിയെത്തിയ വെള്ളവും ഒഴുകിവന്ന മരങ്ങളും പാലത്തിനു ബലക്ഷയം വരുത്തിയിട്ടുണ്ടോ എന്നറിയാൻ അണക്കെട്ടി​െൻറ ഷട്ടറടക്കണം. പാലത്തിലേക്കുള്ള അേപ്രാച്ച് റോഡിന് വിള്ളൽ വീണതായാണ് പ്രാഥമിക നിഗമനം. പുഴയുടെ അരികിലേക്ക് നീക്കി വ്യാപാര സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങളും ബസ് സ്റ്റാൻഡ് നിർമിക്കുകയും ചെയ്തതോടെ പാലത്തി​െൻറ നീളം കുറയുകയായിരുന്നു. കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നിടം വരെ പാലം ഉള്ളതിനാൽ പാലത്തിനു കാര്യമായ ബലക്ഷയം ഉണ്ടാകാനിടയില്ലെന്നാണ് കരുതപ്പെടുന്നത്. അതേസമയം, പെരിയാറിനു കുറുകെയുള്ള വെള്ളക്കയം, തടിയമ്പാട്, വിമലഗിരി, പെരിയാർവാലി ചപ്പാത്തുകൾ തകർന്നു. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്തുകളാണ് വെള്ളക്കയത്തും തടിയമ്പാട്ടും വിമലഗിരിയിലുമുള്ളത്. കുതിരക്കല്ല്, കരിക്കുംതോളം, മഠത്തുംകടവ്, വിമലഗിരി തുടങ്ങിയ ഗ്രാമപ്രദേശങ്ങൽ ഒറ്റപ്പെട്ടു. തടിയമ്പാട് ചപ്പാത്താണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ചപ്പാത്താണിത്. ചപ്പാത്ത് തകർന്നതിനാൽ സ്കൂളുകളിൽ പോകുന്ന വിദ്യാർഥികൾ 12 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടതായി വരും. കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്താണ് പെരിയാർവാലി ചപ്പാത്ത്. പെരിയാറിനു തീരത്തുള്ള നിരവധി വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിലും വീട്ടുസാധനങ്ങൾ മുഴുവനായും മാറ്റാനാകാതെ വിലപിടിപ്പുള്ളവ പലതും നശിച്ചുപോയിട്ടുണ്ട്. വെള്ളം കയറി പൂർണമായി തകർന്നവീടുകളും ഇവയിലുണ്ട്. ഏക്കറുകണക്കിന് കൃഷിദേഹണ്ഡങ്ങൾ നശിച്ചിട്ടുണ്ട്. കീരിത്തോട് ദുരിതാശ്വാസം @ സഹവാസക്യാമ്പ് ചെറുതോണി: കൃഷിയും വീടും പോയതി​െൻറ വിഷമത്തിലും കീരിത്തോട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക് സഹവാസ ക്യാമ്പിലെത്തിയ പ്രതീതി. കിടന്നുറങ്ങാൻ പായ, തണുപ്പകറ്റാൻ കമ്പിളി പ്പുതപ്പ്, വിനോദത്തിനും വിജ്ഞാനത്തിനുമായി ടി.വി തുടങ്ങിയ സൗകര്യങ്ങളൊരുക്കിയാണ് കീരിത്തോട് ദുരിതാശ്വാസക്യാമ്പ് സജീവമാക്കിയിരിക്കുന്നത്. പെരിയാർ തീരത്തുള്ള 32 വീട്ടുകാർക്കാണ് മാറിതാമസിക്കാൻ നിർദേശം നൽകിയിരുന്നത്. കീരിത്തോട്, പെരിയാർവാലി പ്രദേശങ്ങളിൽ ഒമ്പതിന് പുലർച്ച ഉരുൾപൊട്ടലുണ്ടായതോടെ കീരിത്തോട് നിത്യസഹായമാത പള്ളിയുടെ പാരിഷ്ഹാൾ തുറന്നുനൽകുകയായിരുന്നു. ഉച്ചയോടെ 189 പേരാണ് ഈ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. പത്തിന് 300 പേർ ക്യാമ്പിലെത്തി. തിങ്കളാഴ്ച ക്യാമ്പിലേക്ക് എത്തിയവരുടെ എണ്ണം വർധിച്ച് 410 ആയി. ക്യാമ്പിലെത്തുന്നവർക്ക് കിടക്കാനായി 50 പായ മാത്രമേ റവന്യൂ അധികൃതർക്ക് വാങ്ങേണ്ടതായി വന്നുള്ളൂ. സഹായ ഹസ്തങ്ങളുമായി നിരവധി പേരാണ് എത്തുന്നത്. ഇടുക്കി രൂപത സോഷ്യൽ സർവിസ് സൊസൈറ്റി, ചെറുതോണി ലയൺസ് ക്ലബ്, കീരിത്തോട് മർച്ചൻറ്സ് അസോസിയേഷൻ, കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്ക്, എസ്.എൻ.ഡി.പി യൂനിയൻ, രാംകോ സിമൻറ്സ് തുടങ്ങിയവർ സഹായഹസ്തവുമായി ക്യാമ്പിലെത്തി. ആയുർവേദം അലോപ്പതി വിഭാഗങ്ങളുടെ ഓരോ യൂനിറ്റും ശുശ്രൂഷയുമായി ക്യാമ്പിലുണ്ട്. കഞ്ഞിക്കുഴി വില്ലേജ് ഓഫിസർ സജി മാത്യുവി​െൻറ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.