നെടുങ്കണ്ടം: ബക്രീദ്, ഓണം തുടങ്ങിയ വിശേഷവേളകളിൽ അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനാൽ കമ്പോളത്തിൽ വില ഉയരുന്നത് തടയാൻ കഴിയുന്നുണ്ടെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. സപ്ലൈകോ ജില്ല ഓണം-ബക്രീദ് മേള നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി മൗനപ്രാർഥന നടത്തി. പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾ അധ്യക്ഷത വഹിച്ചു. റേഷൻ കാർഡുള്ളവർക്ക് സബ്സിഡി നിരക്കിൽ നിശ്ചിത അളവിൽ സാധനങ്ങൾ ലഭിക്കും. റേഷൻ കാർഡില്ലാതെ വരുന്നവർക്ക് സബ്സിഡി നിരക്ക് ലഭിക്കില്ല. വിപണി വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ, ഹോർട്ടികോർപ് വിഷരഹിത പച്ചക്കറി സ്റ്റാൾ, മിൽമ പാൽ, ഉൽപന്ന സ്റ്റാൾ, കുടുംബശ്രീ ഭക്ഷണശാല, കുടുംബശ്രീ ഉൽപന്നങ്ങൾ, കേരള സോപ്പ് സ്റ്റാൾ, കളിപ്പാട്ട സ്റ്റാൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ അഞ്ചു മുതൽ 30 ശതമാനംവരെ വിലക്കിഴിവിൽ ലഭിക്കും. മേളയോടനുബന്ധിച്ച് സമ്മാനമഴയും ഉണ്ട്. 2000 രൂപക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ബമ്പർ സമ്മാനം അഞ്ച് പവനാണ്. ജില്ലതല വിജയിക്ക് ഒരു പവൻ ലഭിക്കും. സെപ്റ്റംബർ 20നാണ് നറുക്കെടുപ്പ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് മോഹനൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം, പി.കെ. സദാശിവൻ, പി.എസ്. യൂനസ്, നെടുങ്കണ്ടം പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സുകുമാരൻ നായർ, ശ്രീദേവി കലാധരൻ, അജീഷ് മുതുകുന്നേൽ, സപ്ലൈകോ കോട്ടയം മേഖല മാനേജർ ബി. ജ്യോതികൃഷ്ണ എന്നിവർ സംസാരിച്ചു. യാത്രക്ലേശത്തിന് പരിഹാരം * കെ.എസ്.ആര്‍.ടി.സി കട്ടപ്പന ഡിപ്പോയില്‍നിന്ന് സര്‍വിസ് ആരംഭിക്കും ഇടുക്കി: ചെറുതോണി പാലത്തിൽ ഗതാഗതം നിരോധിച്ചിരിക്കുന്നതിനാല്‍ ഇടുക്കി, മരിയാപുരം, ഡാംടോപ്, നാരകക്കാനം, ഡബിള്‍ കട്ടിങ്, പത്താം മൈല്‍, എട്ടാം മൈല്‍, വാഴവര, നിര്‍മലസിറ്റി പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാർഥികളുടെയും യാത്രക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കട്ടപ്പന ഡിപ്പോയില്‍നിന്ന് തിങ്കളാഴ്ച മുതല്‍ സര്‍വിസ് ആരംഭിക്കും. രാവിലെ ആറുമുതല്‍ കട്ടപ്പന, നിര്‍മല സിറ്റി, വാഴവര, എട്ടാംമൈല്‍, പത്താം മൈല്‍, നാരകക്കാനം, ഇടുക്കി, മരിയാപുരം, തങ്കമണി, കാമാക്ഷി, ഇരട്ടയാര്‍, കട്ടപ്പന റൂട്ടില്‍ രണ്ട് സര്‍ക്കുലര്‍ സര്‍വിസ് ഏകദേശം ഒരു മണിക്കൂർ ഇടവിട്ട് സര്‍വിസ് നടത്തും. കട്ടപ്പന ഭാഗത്തുനിന്ന് തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഇരട്ടയാര്‍, ചെമ്പകപ്പാറ, തോപ്രാംകുടി, മുരിക്കാശ്ശേരി, കരിമ്പന്‍, തടിയമ്പാട്, ചെറുതോണി, പൈനാവ്, കുളമാവ്, മൂലമറ്റം വഴിയും സര്‍വിസ് നടത്തും. കട്ടപ്പന-എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഇരട്ടയാര്‍, ചെമ്പകപ്പാറ, തോപ്രാംകുടി, മുരിക്കാശ്ശേരി, കരിമ്പന്‍, ചേലച്ചുവട്, കീരിത്തോട്, പനംകുട്ടി, പാംപ്ല, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂര്‍ വഴിയും സര്‍വിസ് നടത്തും. മുനിയറ, നെടുങ്കണ്ടം ഭാഗത്തേക്കും സര്‍വിസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി. വര്‍ഗീസ് പറഞ്ഞു. ഭീതി വിതച്ച് കാട്ടുപോത്ത് ഗ്രാമത്തിൽ മറയൂര്‍: ഭീതി വിതച്ച് കാട്ടുപോത്ത് ഗ്രാമത്തിൽ ചുറ്റിത്തിരിയുന്നു. മറയൂര്‍ പള്ളനാട് ഗ്രാമത്തിലാണ് ജനജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിരിക്കുന്നത്. അടുത്തിടെ രാംകുമാറിെൻറ വീടിെൻറ മേല്‍ക്കൂര തകര്‍ത്ത് അകത്തുചാടിയ കാട്ടുപോത്ത് കനത്ത നാശനഷ്ടം വരുത്തിയിരുന്നു. അന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയ വനംവകുപ്പ് പള്ളനാട് മംഗളപാറ, നാച്ചിവയല്‍ സാൻഡൽ ഡിവിഷന്‍ പോലുള്ള ജനവാസമേഖലകളില്‍ സംരക്ഷണ വേലി നിർമിക്കുമെന്നും വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ രണ്ട് വാച്ചര്‍മാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, കാട്ടുപോത്ത് വീണ്ടും ഗ്രാമത്തിൽ എത്തുന്നുണ്ടെങ്കിലും വനംവകുപ്പ് പ്രതിരോധ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയന്തരമായി സംരക്ഷണവേലി നിര്‍മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.