അണക്കര പാടത്ത്​ 'പാൽത്തോണി' ഇറക്കി

കട്ടപ്പന: മഴയിൽ വെള്ളെമത്തിയതോടെ അണക്കര പാടശേഖരങ്ങളിൽ ഞാറുനടീൽ സജീവം. ആദ്യ മഴയിൽ വിത്ത് വിതച്ച കർഷകരുടെ പാടങ്ങളിൽ ഞാറുനടീൽ പൂർണമായി. ഭൂരിഭാഗം പാടങ്ങളിലും ഞാറുനടീൽ പുരോഗമിക്കുന്നു. പരമ്പരാഗത നെൽവിത്തായ പാൽത്തോണിയാണ് കൃഷി ചെയ്യുന്നത്. ഒരു കാലത്ത് കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് അണക്കരയുടെ സ്വന്തം വിത്തിനമായ പാൽത്തോണി നെൽവിത്ത് തേടി കർഷകർ എത്തിയിരുന്നു. നല്ല വലുപ്പവും രുചിയുമുള്ള നെല്ലാണിത്. ഒരുകാലത്ത് അണക്കരയിലെ നെൽപാടങ്ങൾ കരമണൽ മാഫിയയുടെ കൈയിലായിരുന്നു. കൃഷി നഷ്ടമായതിനാൽ കർഷകർ പാടങ്ങൾ കരമണൽ ഖനനത്തിന് വിട്ടുനൽകി. പ്രതിദിനം ഇരുനൂറിൽ അധികം ലോറികളാണ് അന്ന് അണക്കരയിൽനിന്ന് മണലുമായി ഓടിയിരുന്നത്. നെൽകൃഷിയെ അപേക്ഷിച്ച് പത്തിരട്ടി ലാഭമാണ് മണൽ ഖനനത്തിലൂടെ കർഷകർക്ക് ലഭിച്ചത്. പിന്നീട് 10 വർഷത്തോളം നെൽപാടങ്ങളിൽ പാൽത്തോണിക്ക് പകരം വിളവെടുത്തത് കരമണലായിരുന്നു. കരമണൽ ഖനനത്തിനെതിരെ റവന്യൂ വകുപ്പ് കർശന നടപടി സ്വീകരിച്ചതോടെയാണ് ഇത് നിലച്ചത്. പിന്നീട് വർഷങ്ങളോളം പാടങ്ങൾ തരിശിട്ടു. ഇക്കാലത്താണ് അണക്കര വിമാനത്താവള പദ്ധതി സജീവചർച്ചയായത്. തരിശിട്ട പാടശേഖരം വിമാനത്താവളത്തിന് ഉപയോഗിക്കാമെന്ന് വിമാനത്താവള നിർമാണ സമിതി സർക്കാറിനെ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാണിച്ചതോടെ നടപടി തുടങ്ങി. റവന്യൂ വകുപ്പ് സർവേ നടപടി ആരംഭിച്ചതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതിയെ പ്രതിരോധിക്കാൻ വീണ്ടും കൃഷിയിറക്കി. ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയ സർക്കാർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചെങ്കിലും ചെറിയ വിമാനത്താവളം നിർമിക്കാൻ പ്രാഥമിക നടപടി പുരോഗമിക്കുകയാണ്. പാൽത്തോണിയും വിൽപന ലക്ഷ്യമാക്കി ത്രിവേണിയുമാണ് അന്നുമുതൽ കൃഷി ചെയ്യുന്നത്. പാടം ഉഴുത് മറിക്കുന്നതിനു ഏക്കറിന് 8000 രൂപ ചെലവ് വരും. ഞാറുനടുന്നതിനും കള എടുക്കുന്നതിനും ഏക്കറിന് 6000 രൂപ വീതം വീണ്ടും ചെലവാകും. ആറുമാസത്തിനുശേഷം വിളവെടുക്കുമ്പോൾ ഏക്കറിന് ശരാശരി 120 മുതൽ 180 പറവരെ വിളവുകിട്ടും. ഇപ്പോഴത്തെ മാർക്കറ്റ് വിലെവച്ച് കണക്കാക്കിയാൽ ഈവർഷം കൃഷിയിൽനിന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ കർഷകർ വലിയ ആവേശത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.