തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിൽ എത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഡാം തുറക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കയകറ്റാനും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കാനും മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയ പ്രകാരം ഇടുക്കിയിൽ കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി അതോറിറ്റി, റവന്യൂ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴയുടെ തോതും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത് ജലനിരപ്പ് 2398 അടിയെത്തുമ്പോൾ മതിയെന്ന തീരുമാനത്തിലെത്തിയത്. 24 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സമയം നൽകി മാത്രമേ ഡാം ഷട്ടർ പരീക്ഷണ തുറക്കൽ നടത്തുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ജലനിരപ്പ് 2398 അടിയിൽ എത്തുമ്പോൾ ഡാം തുറക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി കലക്ടറെ അറിയിക്കും. കലക്ടറുടെ അനുമതിയോടെ മാത്രമേ ഡാം തുറക്കൂ. ട്രയൽ റൺ നടത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. കലക്ടറുടെ അനുമതി ലഭിച്ചാലുടൻ ബോർഡ് നടപടി തുടങ്ങും. മുന്നറിയിപ്പ് സമയദൈർഘ്യം സംബന്ധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടറാണ് തീരുമാനമെടുക്കുക. ഇടുക്കി ഡാമിെൻറ അഞ്ച് ഷട്ടറുകളിൽ നടുവിലുള്ളത് 50 സെൻറീമീറ്ററിൽ ഉയർത്തിയാണ് വെള്ളം തുറന്നുവിടുന്നത്. 50 സെ.മീ. ഷട്ടർ ഉയർത്താൻ 10 മിനിറ്റ് മതിയാകും. നാല് മണിക്കൂർ തുടർച്ചയായി വെള്ളം തുറന്നുവിടും. 0.72 ദശലക്ഷം ക്യുബിക് മീറ്റർ (7,20,000 മീറ്റർ ക്യുബ്) വെള്ളമാണ് പുറത്തേക്കൊഴുകുക. ഇത് 1.058 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലമാണ്. 26 വർഷം മുമ്പ് ഡാം തുറന്നത് 2401 അടിയിലായിരുന്നു. പുറന്തള്ളുന്ന ജലത്തിെൻറ ഒഴുക്ക് ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന് നിരീക്ഷിക്കുകയാണ് പരീക്ഷണ തുറക്കലിലൂടെയെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. അവലോകന യോഗത്തിൽ എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, ഇടുക്കി കലക്ടർ കെ. ജീവൻബാബു, ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, ആർ.ഡി.ഒ എം.പി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.