ഇടുക്കി: റബറിനും കുരുമുളകിനും കുറഞ്ഞവില നിശ്ചയിച്ച് സംഭരിക്കണമെന്ന് കിസാൻ സഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. റബര്‍ കിലോ-200, കുരുമുളക്-500, ഏലം കിലോ-ആയിരം എന്നിങ്ങനെ വില നിശ്ചയിക്കണമെന്നാണ് ആവശ്യം. സര്‍ക്കാറും ഏജന്‍സികളും അടിയന്തര നടപടിയെടുക്കണമെന്നും ജില്ല കമ്മിറ്റി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും കിസാന്‍ സഭ നിർദേശിച്ചു. ബി.ജെ.പി സർക്കാർ കര്‍ഷകര്‍ക്ക് ദുരിതമാണ് നൽകുന്നതെന്നും വ്യവസായികളെയും സമ്പന്നരെയും മാത്രമാണ് സഹായിക്കുന്നതെന്നും കിസാന്‍ സഭ ജില്ല പ്രസിഡൻറ് സി.എ. ഏലിയാസ്, സെക്രട്ടറി മാത്യു വര്‍ഗീസ് എന്നിവർ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഭൂമിക്ക് വ്യാജരേഖ: നടപടിയെടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു മൂന്നാര്‍: ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിക്ക് വ്യാജരേഖകളുണ്ടാക്കി സ്വകാര്യ കമ്പനിയില്‍നിന്ന് കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദേവികുളം പൊലീസ് നടപടിയെടുക്കാന്‍ തയാറാകുന്നില്ല. ദേവികുളം സ്വദേശിയും പാസ്റ്ററുമായ യേശുദാസെന്ന ദുരൈപാണ്ടിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി പൊലീസിന് റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. ഏപ്രില്‍ അഞ്ചിന് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതായി പറയുന്നുണ്ടെങ്കിലും ഇയാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്താനോ വ്യാജരേഖകള്‍ സംബന്ധിച്ച് കമ്പനിയില്‍നിന്ന് മൊഴിയെുക്കാനോ തയാറായില്ല. കമ്പനിയില്‍ ഇയാള്‍ എത്തിയതുമുതലുള്ള വിഡിയോ ദൃശ്യങ്ങളും കമ്പനിയുടമകളുമായി നടത്തിയ സംസാരങ്ങളുമടങ്ങുന്ന പെന്‍ഡ്രൈവ് പരാതിയോടൊപ്പം തഹസില്‍ദാര്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍, കോട്ടയത്ത് നേരിട്ടെത്തി കമ്പനിയുടമകളില്‍നിന്ന് മൊഴിയെടുക്കണമെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരൈപാണ്ടിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ദേവികുളം സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. തൂവൽ വെള്ളച്ചാട്ടം: ടൂറിസം പദ്ധതി വികസിപ്പിക്കും -മന്ത്രി നെടുങ്കണ്ടം: തൂവൽ വെള്ളച്ചാട്ടം അടിസ്ഥാനപ്പെടുത്തി ടൂറിസം പദ്ധതി വികസിപ്പിക്കുമെന്ന് മന്ത്രി എം.എം. മണി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഹാഡ പദ്ധതിയിലെയും ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച ഈട്ടിത്തോപ്പ്-തൂവൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേങ്ങാട്ടുതെക്കേൽപടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം നിർമല നന്ദകുമാർ, വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം പി.എൻ. വിജയൻ, തോമസ് തെക്കേൽ, ടി.എം. ജോൺ, എം. സുകുമാരൻ, കെ.എൻ. വാസുദേവൻ, റെജി കൂവപ്ലാക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.