തൊടുപുഴ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ മോടികൂട്ടി മുട്ടം പഞ്ചായത്തിലെ മലങ്കര റിവർ ബേസ്ഡ് ടൂറിസം ഡെസ്റ്റിനേഷൻ ഒരുങ്ങുന്നു. മലങ്കര ഡാമിെൻറ തീരം മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ഹാബിറ്റാറ്റാണ് പദ്ധതിയുടെ നിർമാണം ഏറ്റെടുത്തത്. ഏകദേശം രണ്ട് കോടി രൂപയാണ് ചെലവാക്കിയത്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് അടുത്തമാസം പദ്ധതി ഉദ്ഘാടനം ചെയ്ത് സഞ്ചാരികൾക്കായി തുറന്നുനൽകും. 2014ൽ ആരംഭിച്ച നിർമാണം പാതിവഴിയിൽ ഇഴഞ്ഞുനീങ്ങിയപ്പോൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ പ്രത്യേക ഇടപെടലിലൂടെയാണ് പ്രവർത്തനം വേഗത്തിലായത്. മനോഹരമായ പൂന്തോട്ടം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, വിശാല പാർക്കിങ് സൗകര്യം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഒപ്പം സന്ദർശകർക്കായി ബോട്ടിങ് സൗകര്യവും മത്സ്യബന്ധനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മലനിരകളുടെ പച്ചപ്പ് ആസ്വദിച്ച് നടക്കാനുള്ള മനോഹരനടപ്പാതയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതിക്ക് കോട്ടം വരാത്ത രീതിയിലുള്ള നിർമാണ നടപടികളാണെന്നതും ശ്രദ്ധേയമാണ്. തൊടുപുഴയിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. മലങ്കര ജലാശയവും ചെറുദ്വീപുകളും കണ്ണിന് കുളിർമയൊരുക്കുന്ന കാഴ്ചയാണ്. പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 140ഓളം സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മനോഹര ദൃശ്യവിരുന്ന് നൽകുമെന്നതിനാൽ സിനിമക്കാരുടെ ഇഷ്ടയിടമാണിവിടം. അർബുദചികിത്സ; ആയുർവേദത്തിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്തണം തൊടുപുഴ: അർബുദ രോഗപ്രതിരോധത്തിലും ചികിത്സയിലും ആയുർവേദത്തിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ശാസ്ത്ര പഠനക്ലാസ് വിലയിരുത്തി. അസോസിയേഷൻ എറണാകുളം സോണിെൻറ നേതൃത്വത്തിൽ പ്രഗല്ഭരായ ചികിത്സകരുടെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച 'സഹചര' എന്ന ശാസ്ത്രപഠന ക്ലാസിലാണ് വിലയിരുത്തൽ. സാമ്പത്തിക ചെലവുകൾ പരിഗണിക്കുമ്പോൾ താരതമ്യേന ചെലവ് കുറഞ്ഞ ആയുർവേദത്തിെൻറ സാധ്യതകൾ ഉപയോഗപ്പെടുത്തണം. തെറ്റായ ആഹാരരീതികൾ അർബുദത്തിെൻറ വർധനക്ക് ആക്കം കൂട്ടുന്നതായും ഡോക്ടർമാർ പറഞ്ഞു. തൊടുപുഴയിൽ നടന്ന പരിപാടി പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലെ ജില്ല ആയുർവേദ ആശുപത്രിയുടെ വികസനത്തിന് രണ്ടുകോടി അനുവദിച്ചതായി യോഗത്തിൽ എം.എൽ.എ അറിയിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ സോൺ പ്രസിഡൻറ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷതവഹിച്ചു. ക്ലാസിന് ഡോ. സി.ഡി. സഹദേവൻ നേതൃത്വം നൽകി. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. രാജു തോമസ്, ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, സോൺ ട്രഷറർ ഡോ. എം.എസ്. നൗഷാദ്, ഡോ. ദേവിദാസ് വെള്ളോടി, ഡോ. സീനിയ അനുരാഗ്, ഡോ. റെൻസ് പി. വർഗീസ്, ഡോ. ലിജി ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു. ഹിന്ദി ഡിപ്ലോമ െട്രയ്നിങ് തൊടുപുഴ: ഹിന്ദി ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ 2018-19 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീൺ-സാഹിത്യാചാര്യ ജയിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ 04734-226028, 9446321496.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.