പഴമയുടെ രുചിയിലേക്ക്​ വഴിതുറന്ന്​ നാട്ടുപച്ച; അപൂർവ വിത്തുകളുടെ ഇടമൊരുക്കി കർഷക കൂട്ടായ്​മ

കോട്ടയം: പഴമയുടെ രുചിയും ഗുണവും പുതുതലമുറക്ക് പകർന്നുനൽകി നാട്ടുപച്ച കർഷ കൂട്ടായ്മ. എം.ജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കോട്ടയം സി.എം.എസ് കോളജിൽ ആരംഭിച്ച ആഗോള ജൈവസംഗമത്തി​െൻറ ഭാഗമായ ജൈവ ഭക്ഷ്യ-കാര്‍ഷിക പ്രദര്‍ശനത്തിലാണ് അന്യംനിന്നുപോകുന്ന നാടൻ വിത്തിനങ്ങളും തൈകളും ഒരുക്കിയിരിക്കുന്നത്. പാമ്പാടി ബ്ലോക്കിലെ കൃഷിവകുപ്പി​െൻറ നേതൃത്വത്തിൽ 10കർഷകരുടെ കൂട്ടായ്മയിലൂടെ ഒരുവർഷം മുമ്പ് തുടക്കമിട്ട നാട്ടുപച്ച പൈതൃക സംരക്ഷണ പദ്ധതിയിലൂടെയാണ് നാടൻ പച്ചക്കറികൾ ഉൽപാദിപ്പിച്ചത്.. അന്യംനിന്നുപോയ വിവിധങ്ങളായ വിത്തുകളും തൈകളും സ്വന്തം കൃഷിയിടങ്ങളിൽ വളർത്തിയശേഷം താൽപര്യമുള്ളവർക്ക് പച്ചക്കറിയായും വിത്തുകളായും കൈമാറുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയാണ് വിജയത്തിലെത്തിച്ചത്. രുചിയിൽ കേമനായ കപ്പ പയർ, കസ്തൂരി വെണ്ട, നെയ്ക്കുമ്പളം, മയിൽപീലി ചീര, മരവെണ്ട, ആനക്കൊമ്പൻ വെണ്ട, ചതുരപ്പയർ, കാട്ടുകാന്താരി, ഉണ്ടക്കോവൽ, എരുമപ്പാവൽ, അടതാപ്പ് തുടങ്ങിയ 60ൽ പരം നാട്ടുചെടികളുടെയും നീളാരിക്കാച്ചിൽ, കുറ്റിക്കാച്ചിൽ, കടുവകൈയൻ കാച്ചിൽ, ചേമ്പ്, ചീരേചമ്പ്, ഇഞ്ചി, മഞ്ഞൾ, കൈതച്ചക്ക തുടങ്ങിയ നാടൻവിത്തുകളുടെയും വിപണനവും ഒരുക്കിയിട്ടുണ്ട്. അപൂർവമായ ആകാശവെള്ളരിയാണ് ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നത്. വിവിധയിനം പച്ചക്കറികൾക്കൊപ്പം ചേർക്കാനും ജ്യൂസായും ഉപയോഗിക്കാൻ കഴിയുന്ന ആകാശവെള്ളരിക്ക് ആവശ്യക്കാർ ഏറെ. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെ വിളവെടുക്കുന്ന പച്ചക്കറികളുടെയും വിത്തുകളുടെ വിപണനത്തിനും മാർഗനിർദേശത്തിനും കൃഷി അസി.ഡയറക്ടർ കോര തോമസി​െൻറ സഹായവുമുണ്ട്. ജൂബിച്ചൻ ആൻറണി പ്രസിഡൻറായും ആഷ സൂസൻ കൺവീനറായുമുള്ള സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. നാട്ടുപച്ച ഗ്രൂപ്പിൽ നിലവിൽ 60 അംഗങ്ങളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.