കോട്ടയം വഴിയുള്ള ഇരട്ടപ്പാത വൈകും

കൊച്ചി: കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാത വൈകാൻ സാധ്യത. പാത ഇരട്ടിപ്പിക്കൽ 2020നകം പൂർത്തിയാകുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. കുറുപ്പന്തറ മുതൽ ചങ്ങനാശ്ശേരി വരെയുള്ള 36.3 കി.മീറ്ററിൽ കുറുപ്പന്തറ-കോട്ടയം 18.04 കി.മീ. േമയ് 31നകവും ചങ്ങനാശ്ശേരി വരെയുള്ള പാത 2020 മാർച്ച് 31നകവും കമീഷൻ ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ തീരേണ്ട കുറുപ്പന്തറ-ഏറ്റുമാനൂർ റീച്ചിലെ ഇരട്ടിപ്പിക്കൽ ജോലിപോലും പൂർത്തിയായിട്ടില്ല. റെയിൽവേയിലെയും സംസ്ഥാന സർക്കാറിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട അവലോകന യോഗത്തിനുശേഷമാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാത 2020ൽ കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. കുറുപ്പന്തറ-ഏറ്റുമാനൂർ, ഏറ്റുമാനൂർ-കോട്ടയം, കോട്ടയം-ചിങ്ങവനം, ചിങ്ങവനം-ചങ്ങനാശ്ശേരി എന്നിങ്ങനെ നാല് ബ്ലോക്കായി തിരിച്ചാണ് ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നത്. എന്നാൽ, സ്ഥലം ഏറ്റെടുക്കുന്നതുസംബന്ധിച്ച പ്രശ്നങ്ങൾ നിർമാണവേഗത്തെ ബാധിച്ചു. കുറുപ്പന്തറ-ഏറ്റുമാനൂർ ബ്ലോക്കിൽ 1.06 ഹെക്ടർ, ഏറ്റുമാനൂർ-കോട്ടയം 3.07 ഹെക്ടർ, കോട്ടയം-ചിങ്ങവനം 2.5 ഹെക്ടർ, ചിങ്ങവനം-ചങ്ങനാശ്ശേരി 0.13 ഹെക്ടർ എന്നിങ്ങനെ സ്ഥലം ആവശ്യമാണ്. സ്ഥലത്തി​െൻറയും കെട്ടിടങ്ങളുടെയും വില നിശ്ചയിക്കുന്നതുൾപ്പെടെ കാര്യങ്ങളിലും താമസമുണ്ടായി. കുറുപ്പന്തറ-ഏറ്റുമാനൂർ മേഖലയിൽ ചിലയിടങ്ങളിൽ മണ്ണ് നീക്കാനുണ്ട്. എട്ട് കി.മീ. പാതയിൽ അഞ്ചോളം െലവൽ ക്രോസുണ്ട്. ഇവിടങ്ങളിൽ ഗേറ്റ് ലോഡ്ജ് നിർമാണം പുരോഗമിക്കുകയാണ്. കുറുപ്പന്തറയിലും കോട്ടയത്തും പുതിയ മേൽപാലം നിർമിക്കേണ്ടതുണ്ട്. നിലവിലെ വേഗം തുടർന്നാൽ േമയിൽ ഏറ്റുമാനൂർ വരെ നിർമാണം പൂർത്തീകരിക്കാനായേക്കും. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയ പ്രദേശങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. ഏറ്റുമാനൂർ-കുറുപ്പന്തറ രണ്ടാം പാതയുടെ നിർമാണം, ഏറ്റുമാനൂരിൽ പുതിയ സ്റ്റേഷൻ, പ്ലാറ്റ്ഫോം, മേൽപാലം, നടപ്പാത എന്നിവയാണ് നിർമിക്കുന്നത്. കോട്ടയം-എറണാകുളം പാതയിൽ 2014ൽ മുളന്തുരുത്തി-പിറവം റോഡും 2016ൽ പിറവം-കുറുപ്പന്തറ ഇരട്ടപ്പാതയും കമീഷൻ ചെയ്തിരുന്നു. 2016ൽ ചെങ്ങന്നൂർ-തിരുവല്ല, 2017ൽ തിരുവല്ല-ചങ്ങനാശ്ശേരി ഇരട്ടപ്പാതയും തുറന്നു. പക്ഷേ കുറുപ്പന്തറ മുതൽ ചങ്ങനാശ്ശേരി വരെയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാതെ യാത്രക്കാർക്ക് ഇതി​െൻറ ഗുണം ലഭിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.