നഴ്​സിങ്​ വിദ്യാർഥിനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന്​ 11,539 രൂപ തട്ടിയെടുത്തു

കട്ടപ്പന: നഴ്സിങ് വിദ്യാർഥിനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 11,539 രൂപ തട്ടിയെടുത്തു. ഡൽഹിയിൽ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയായ വെള്ളയാംകുടി പയ്യംപള്ളിയിൽ ബെന്നിയുടെ മകൾ മെബി​െൻറ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്. കട്ടപ്പന ഇടുക്കിക്കവലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ശാഖയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം തട്ടിയത്. ഒരോ തവണയും പർച്ചേസ് നടത്തി പണം പിൻവലിക്കപ്പെട്ടതായാണ് സന്ദേശത്തിൽ വ്യക്തമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നത് പിതാവി​െൻറ മൊബൈൽ നമ്പറായതിനാൽ പണം നഷ്ടപ്പെട്ട വിവരം പിതാവാണ് അറിഞ്ഞത്. എപ്രിൽ 13ന് വൈകുന്നേരം 5.21മുതൽ രാത്രി പത്തുവരെ അഞ്ച് മണിക്കൂറിനുള്ളിലാണ് 13 തവണയായി പണം തട്ടിയത്. ആദ്യം 50 രൂപ നഷ്ടമായി. ഒരു മിനിറ്റ് കഴിഞ്ഞ് 7899 രൂപ നഷ്ടമായി. തുടർന്ന് 249 രൂപ വീതം പല തവണയായി ബാക്കി പണവും നഷ്ടപ്പെട്ടു. ആദ്യതവണ നഷ്ടമായ 50 രൂപയും പിന്നീട് നഷ്ടമായ മറ്റൊരു 50 ഉം രണ്ട് മണിക്കൂറിനുള്ളിൽ തവണകളായി 100 രൂപ അക്കൗണ്ടിൽ തിരിച്ചെത്തി. ഇങ്ങനെ സംഭവിച്ചതിനാൽ നഷ്ടമായ ബാക്കി പണവും തിരിച്ചെത്തുമെന്ന് കരുതി പണം നഷ്ടമായ ഉടൻ ബാങ്ക് അധികൃതരെ അറിയിച്ചില്ല. സംഭവം രാത്രിയിലായതും അധികൃതരെ ബന്ധപ്പടുന്നതിന് തടസ്സമായി. തുടർച്ചയായി 11,539 രൂപ നഷ്ടമായ ഉടൻ വിദ്യാർഥിനി പിതാവി​െൻറ നിർദേശ പ്രകാരം അക്കൗണ്ടിൽ അവശേഷിച്ചിരുന്ന 10,500 രൂപ എ.ടി.എം വഴി പിൻവലിച്ചു. ഇതിനുശേഷം ഒരു തവണകൂടി അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം നടന്നു. ഇതുസംബന്ധിച്ച സന്ദേശവും അക്കൗണ്ട് ഉടമക്ക് ലഭിച്ചു. അക്കൗണ്ടിൽ പണമില്ലാതിരുന്നതിനാൽ ഈ ശ്രമം വിജയിച്ചില്ല. തുടർന്ന് കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർക്ക് പരാതിനൽകി. ബാങ്കിൽനിന്ന് പണം നഷ്ടമായത് ഏങ്ങനെയെന്നും ഏത് അക്കൗണ്ടിലേക്കാണ് പോയത് എന്നതും ഉൾപ്പെടെ വിവരങ്ങൾ നൽകാൻ കട്ടപ്പന സി.ഐ സുനിൽ കുമാർ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.