ഡൽഹി: നാഗ്പുർ ആർച്ച് ബിഷപ് ഡോ. എബ്രഹാം വിരുത്തക്കുളങ്ങര (75) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. കഠ്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തരേന്ത്യയിലെ ബിഷപ്പുമാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധയോഗത്തിൽ സംബന്ധിച്ചശേഷം, വ്യാഴാഴ്ച പുലർച്ച നാഗ്പുരിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം അതിരൂപതയിലെ കല്ലറ പുത്തൻപള്ളി ഇടവകാംഗമാണ്. വിരുത്തക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1943 ജൂണ്‍ അഞ്ചിനായിരുന്നു ജനനം. 1969 ഒക്ടോബർ 28ന് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രൽ ദേവാലയത്തിൽ പ്രഥമദിവ്യബലി അർപ്പിച്ചു. ഖാണ്ട്‌വ രൂപതയുടെ അധ്യക്ഷനായി 34ാം വയസ്സിൽ നിയമിതനായി. 1977 ജൂലൈ 13ന് മെത്രാഭിഷേകം നടന്നു. ഏറ്റവും ചെറുപ്രായത്തിൽ ബിഷപ്പായ വ്യക്തിയായിരുന്നു വിരുത്തക്കുളങ്ങര. കഴിഞ്ഞ 40 വർഷമായി ബിഷപ്പായി സേവനം അനുഷ്ഠിക്കുന്ന അപൂർവ വ്യക്തിത്വത്തിനും ഉടമയാണ്. 1998 ഏപ്രിൽ 22ന് നാഗ്പുർ അതിരൂപത ആർച്ച് ബിഷപ്പായി നിയമിതനായി. സി.ബി.സി.െഎ യൂത്ത് കമീഷൻ മുൻ ചെയർമാനായിരുന്നു. ബംഗളൂരു സെൻറ് ജോൺസ് മെഡിക്കൽ കോളജ് ഗവേണിങ് ബോഡി അംഗവും വെസ്റ്റേൺ റീജ്യൻ ബിഷപ് കൗൺസിൽ മുൻ ചെയർമാനുമായിരുന്നു. ആദിവാസികളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമർപ്പിതമായ ശുശ്രൂഷയാണ് ഡോ. എബ്രഹാം വിരുത്തക്കുളങ്ങര അർപ്പിച്ചിരുന്നത്. യുവജന അൽമായ സംഘടനയായ ജീസസ് യൂത്തിെൻറ അന്താരാഷ്ട്ര ഉപദേഷ്ടാവായി കഴിഞ്ഞവർഷമാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. സഹോദരങ്ങൾ: ചാക്കോച്ചൻ, അന്നമ്മ, മേരിക്കുട്ടി, പരേതനായ തോമസ്, എൽസമ്മ, ജോസ്, ലൂസി, തമ്പി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് നാഗ്പുർ കത്ത്രീഡലിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.