പാലാ: കോട്ടയം ജില്ലയിലെ ഒരു കോളജ് കൂടി മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടി. കിടങ്ങൂര്‍ എൻജിനീയറിങ് കോളജാണ് മഞ്ഞപ്പിത്തം പടരുന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. കിടങ്ങൂർ എൻജി. കോളജിലെ 70ലേറെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്റ്റലുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കോളജും അടുത്ത തിങ്കളാഴ്ചവരെ അടച്ചതായി അധികൃതർ അറിയിച്ചു. കോളജിൽ ഹോസ്റ്റൽ ഇല്ലാത്തതിനാൽ സമീപമുള്ള സ്വകാര്യ വ്യക്തികൾ നടത്തുന്ന ഹോസ്റ്റലുകളാണ് വിദ്യാർഥികൾക്ക് ആശ്രയം. 16ഓളം ഹോസ്റ്റലുകൾ ഇത്തരത്തിലുണ്ട്. എന്നാൽ, ഭക്ഷണം പാചകം ചെയ്ത് നൽകുന്ന ഹോസ്റ്റലുകൾ വിരളമാണ്. ഇവരെല്ലാം പുറത്തുനിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. ഇത്തരത്തിലുള്ളവരാണ് രോഗബാധിതരിൽ ഏറെയും. പെൺകുട്ടികളുടെ ഹോസ്റ്റലിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരും പുറത്തുനിന്ന് ഭക്ഷണം കഴിച്ചവരാണെന്നാണ് അറിയുന്നത്. കോളജിന് സമീപവും കിടങ്ങൂരിലെ ചില ഭക്ഷണശാലകൾക്ക് സമീപവും പരിസരത്തും കുടിവെള്ള സംഭരണികൾ വൃത്തിഹീനമായ സാഹചര്യത്തിലാണുള്ളത്. അതേസമയം, ചൊവ്വാഴ്ച മെഡിക്കൽ കോളജിൽനിന്നുള്ള 10 അംഗ ഡോക്ടർമാരുടെ സംഘം കുടിവെള്ളം പരിശോധിക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. മുൻകരുതലിനെക്കുറിച്ച് വിശദ ക്ലാസുകളും നടത്തി. ബുധനാഴ്ച ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ കോളജിലും പരിസരത്തും സന്ദർശിച്ചു. കൂടല്ലൂർ പി.എച്ച്.സിയും ചേർപ്പുങ്കൽ മാർ സ്ലീവ നഴ്സിങ് കോളജ് അധികൃതരും വിദ്യാർഥികളും പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ആരോഗ്യവകുപ്പ് കുടിവെള്ള ശുചീകരണം, ക്ലോറിനേഷൻ തുടങ്ങിയ പ്രവർത്തനങ്ങളുമായുണ്ട്. രണ്ടുവർഷം മുമ്പും കിടങ്ങൂർ എൻജി. കോളജിൽ വിദ്യാർഥികൾക്ക് വ്യാപകമായി മഞ്ഞപ്പിത്തബാധ ഉണ്ടായിരുന്നു. അന്ന് ഏതാനും ദിവസത്തേക്ക് കോളജ് അടച്ചിരുന്നു. മഞ്ഞപ്പിത്തം പടരുകയും ഒരു വിദ്യാർഥി മരിക്കുകയും ചെയ്ത കോട്ടയം മാന്നാനം കെ.ഇ കോളജും പൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.