മൂന്നുകിലോ കഞ്ചാവുമായി തമിഴ്​നാട്​ സ്വദേശി പിടിയിൽ

നെടുങ്കണ്ടം: പതിവായി കഞ്ചാവ് സമാന്തരപാതയിലൂടെ അതിർത്തികടത്തി കേരളത്തിൽ എത്തിച്ച് വിൽപന നടത്തിവന്ന യുവാവിനെ മൂന്നുകിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. തമിഴ്നാട് സ്വദേശി കുമരേശനെയാണ് (29) ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കല്ലാറിൽ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്ന് രാമക്കൽമേട് വനത്തിലൂടെയാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു. എറണാകുളം സ്വദേശികൾക്ക് വിൽക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവ്. ഇയാളെ ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യമുണ്ടെന്ന് അറിയിക്കുകയും കിലോക്ക് 25,000 രൂപ വില പറഞ്ഞ് ഉറപ്പിക്കുകയുമായിരുന്നു എക്സൈസ്. കഞ്ചാവ് ആദ്യം നെടുങ്കണ്ടത്തും പിന്നീട് തൂക്കുപാലത്തും എത്തിക്കാമെന്നു സമ്മതിച്ച പ്രതിയെ, ഒടുവിൽ കല്ലാറിലെ ആശുപത്രിക്ക് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷാജി, ഉദ്യോഗസ്ഥരായ ആസിഫ് അലി, ജോഫിൻ, ശശികുമാർ, ഗോകുൽ, ഷിജു, ശശീന്ദ്രൻ, ജോഷി, രാധാകൃഷ്ണൻ കടകര, സേവ്യർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.