പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് അതേറ്റെടുക്കാത്തതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ്കുമാർ. ചെറുവള്ളി എസ്റ്റേറ്റില്‍ ചെങ്കൊടി നാട്ടാന്‍ ധൈര്യമില്ലാത്തവര്‍ ചെങ്ങറയിലെ പാവങ്ങളെ മെക്കിട്ടുകേറുന്നത് അവസാനിപ്പിക്കണം. ചെങ്ങറയിലെ സമരഭൂമിയില്‍ അധിവസിക്കുന്ന ഭൂരഹിതര്‍ക്ക് സി.പി.എമ്മിെൻറ ഭീഷണിയല്ല ഭൂമിയുടെ ഉടമസ്ഥതയാണ് വേണ്ടതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം സി.പി.എം ജില്ല സെക്രട്ടറി ചെങ്ങറയിലെ സമരക്കാരെ കുരങ്ങന്‍മാരെന്ന് ആക്ഷേപിച്ചതിനെതിരെ പട്ടികജാതി ഗോത്ര കമീഷനിലും മനുഷ്യാവകാശ കമീഷനിലും പരാതി നൽകും. 2007 മുതല്‍ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ ഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നവരാണ് ചെങ്ങറയിലുള്ളത്. 2010-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ വിതരണം ചെയ്ത 1495 പട്ടയങ്ങളില്‍ 200 പേര്‍ക്ക് മാത്രമാണ് വാസയോഗ്യമായ ഭൂമി ലഭ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജ്യോതിഷ് പെരുംമ്പുളിക്കല്‍, ജില്ല ഭാരവാഹികളായ അന്‍സാരി ഏനാത്ത്, മുഹമ്മദ് അനീഷ്, സി.പി. നസീർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.