മൂന്നാർ: മന്ത്രി എം.എം. മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മൂന്നാറിൽ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തിവന്ന റിലേ സത്യഗ്രഹം അവസാനിപ്പിച്ചു. മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണിതെന്ന് സമരക്കാർ അറിയിച്ചു. ജൂലൈ ഒമ്പതിന് രണ്ടാംഘട്ട സമരം ആരംഭിക്കും. തോട്ടം തൊഴിലാളികൾക്ക് ഭൂമി നൽകണമെന്ന ആവശ്യം ഉന്നയിച്ചാണിത്.20 ദിവസമായി തുടരുന്ന സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷും സംഘവും സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മക്കും പൊതുയോഗത്തിനും ശേഷമായിരുന്നു പ്രഖ്യാപനം. സ്ത്രീകളുടെ മാനത്തിനും ഭൂമിക്കും വേണ്ടിയാണ് തെരുവിൽ സമരം ആരംഭിച്ചത്. 20 ദിവസത്തോളം സമരം നടത്തിയെങ്കിലും സർക്കാർ തിരിഞ്ഞുനോക്കിയില്ല. വിവിധ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടായിരുന്നു. തോട്ടംതൊഴിലാളികൾ പിന്തുണ അറിയിച്ചെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടൽമൂലം അവർ പന്തലിലെത്തിയില്ല. സമരം ആരംഭിച്ചതുമുതൽ പല ആക്ഷേപങ്ങളും പ്രചരിച്ചു. ചില വനിത പൊലീസുകാരും തെറ്റായി സംസാരിച്ചു. നാല് പെണ്ണുങ്ങൾ നടത്തിയ സമരം വിജയം കാണുകതന്നെ ചെയ്തുവെന്ന് ഗോമതിയും കൂട്ടരും അവകാശപ്പെട്ടു. സമരത്തെ സർക്കാർ ഭയന്നതുകൊണ്ടാണ് തൊഴിലാളികൾക്ക് ഭൂമിനൽകാൻ നടപടി സ്വീകരിച്ചത്. മൂന്ന് സെൻറും അഞ്ച് സെൻറും തൊഴിലാളികൾക്ക് ആവശ്യമില്ല. വീട് നിർമിക്കുന്നതിന് സർക്കാർ മാറ്റിവെച്ചിരിക്കുന്ന ഒരേക്കർ ഭൂമിയാണ് വേണ്ടതെന്നും അവർ പറഞ്ഞു. കമ്പനിയുടെ കൈയിൽനിന്ന് ഭൂമി പിടിച്ചെടുത്ത് തൊഴിലാളികൾക്ക് വിതരണം നടത്തണം. കമ്പനിയുടെ കീഴിൽ താമസിക്കുന്നതിനാൽ സമരത്തിൽ തൊഴിലാളികൾ പങ്കെടുക്കില്ല. അവർക്കായി മരണംവരെയും സമരം നടത്താൻ തയാറാണ്. ജൂലൈ ഒമ്പതിന് നടത്തുന്ന സമരത്തിന് മുന്നോടിയായി എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. തുടർന്നാകും തൊഴിലാളികളെ അണിനിരത്തി ഭൂസമരം പ്രഖ്യാപിക്കുക. മണി രാജിവെക്കുകയെന്ന മുദ്രാവാക്യത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്നും ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തിയ സമരം വിജയമായിരുന്നെന്നും സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷും പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തെ സർക്കാർ ഭയപ്പെട്ടതിനാലാണ് മണിയെ ശാസിക്കാൻ തയാറായതെന്ന് ആം ആദ്മി നേതാവ് സി.ആർ. നീലകണ്ഠനും പറഞ്ഞു. ഷാനിമോൾ ഉസ്മാൻ, ഭൂസംരക്ഷണ സമിതി കോഒാഡിനേറ്റർ സന്തോഷ്, എഴുത്തുകാരൻ സണ്ണി എം. കപിക്കാട് എന്നിവർ പങ്കെടുത്തു. പൊമ്പിളൈ ഒരുമൈ പ്രസിഡൻറ് കൗസല്യ, ജനറൽ സെക്രട്ടറി രാജേശ്വരി, ഗോമതി അഗസ്റ്റിൻ തുടങ്ങിയവരാണ് സമരം നടത്തിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.