കോട്ടയം: പകതീർക്കാനും വ്യക്തിപരമായ നേട്ടങ്ങൾക്കും വനിത കമീഷെൻറ വേദിയും സംവിധാനവും ദുരുപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളാദേവി. ഇത്തരം പ്രവണത വർധിക്കുന്നതായി കമീഷെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. കോട്ടയത്ത് നടന്ന സിറ്റിങ്ങിലാണ് അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പള്ളിയിൽ കുശിനിപ്പണി ചെയ്യുന്ന ഒരു സ്ത്രീ എട്ടുപേർ തന്നെ അധിക്ഷേപിച്ചതായി ആരോപിച്ച് നൽകിയ പരാതിയിൽ ഒരാളുടെ പേര് മാത്രം സൂചിപ്പിച്ചിട്ടുള്ളതിനെപ്പറ്റി തിരക്കിയപ്പോൾ താനല്ല പരാതി തയാറാക്കിയതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയത്. പരാതി സംബന്ധിച്ച് കൂടുതൽ വിവരം നൽകാനും അവർ തയാറായില്ല. സ്കൂളിലേക്കുള്ള യാത്രക്കിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റ വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാൻ അധ്യാപകർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ നൽകിയ പരാതി പരിശോധിക്കവെ പരാതിയിൽ പറഞ്ഞിരിക്കുന്ന അധ്യാപകരല്ല മറ്റൊരു അധ്യാപകനെതിരെയാണ് പരാതിയെന്നും അയാളുടെ പേര് അറിയാത്തതിനാലാണ് മറ്റ് അധ്യാപകരുടെ പേര് പരാതിയിൽ കാണിച്ചതെന്നുമാണ് പരാതിക്കാരി വെളിപ്പെടുത്തിയത്. ഇതേതുടർന്നാണ് വ്യാജപരാതികൾ വർധിക്കുന്നതായി കമീഷൻ ചൂണ്ടിക്കാട്ടിയത്. എറണാകുളം ജനറൽ ആശുപത്രിയിലെ അറ്റൻഡർ നട്ടാശേരി സ്വദേശിയായ യുവതി അവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാൻ ക്ലർക്ക് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ പരാതിയും പൂഞ്ഞാർ പ്രദേശത്തെ കള്ളുഷാപ്പിൽനിന്നുള്ള അവശിഷ്ടങ്ങൾ അലക്ഷ്യമായി തള്ളുന്നതുമൂലം പരിസര മലിനീകരണം ഉണ്ടാക്കുന്നതായി കാണിച്ച് അയൽവാസിയായ വീട്ടമ്മ ആരോഗ്യവകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ ഷാപ്പിന് അനുകൂലമായി നിലപാട് എടുക്കുന്നു എന്ന് ആരോപിച്ചുള്ള പരാതിയും സിറ്റിങ്ങിൽ പരിഗണിച്ചു. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ- ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കമീഷൻ നിർദേശം നൽകി. അദാലത്തിൽ പരിഗണിച്ച 63 പരാതികളിൽ 28 എണ്ണം തീർപ്പാക്കി. എട്ട് കേസുകൾ പൊലീസിെൻറയും ആറെണ്ണം ആർ.ഡി.ഒയുടെയും റിപ്പോർട്ടിനായി അയച്ചു. 21 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.