സ്വത്ത് കൈമാറ്റം: പൊതുനയം രൂപവത്കരിക്കണമെന്ന് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത

കോട്ടയം: മെത്രാപ്പൊലീത്തമാരുടെ പേരിലെ സ്വത്തുക്കള്‍ സഭക്ക് കൈമാറുന്ന കാര്യത്തില്‍ പൊതുനയം രൂപവത്കരിക്കണമെന്ന് യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത. സഭയിലെ പല മെത്രാപ്പൊലീത്തമാരുടെയും പേരിലെ സ്ഥാപനങ്ങള്‍ പൊതുട്രസ്റ്റുകളോ സൊസൈറ്റികളോ ആയാണ് പ്രവര്‍ത്തിക്കുന്നത്. കാതോലിക്ക ബാവയുടെ പേരില്‍ കൂത്താട്ടുകുളത്തെ എന്‍ജിനീയറിങ് കോളജ് അടക്കമുള്ള സ്ഥാപനങ്ങളും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ പേരില്‍ മരടിലുള്ള ഗ്രിഗോറിയന്‍ പബ്ളിക് സ്കൂളും സ്ഥാപനങ്ങളും ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതുട്രസ്റ്റുകള്‍ സഭയുടേയോ ഭദ്രാസനത്തിന്‍െറയോ ആക്കി മാറ്റിയാല്‍ അത് പിന്നീട് നിയമനടപടിക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകും. ഇക്കാര്യത്തില്‍ കാതോലിക്ക ബാവയും സഭാ സുന്നഹദോസും പൊതുക്രമീകരണം ഉണ്ടാക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കോട്ടയം ഭദ്രാസന കൗണ്‍സിലും മെത്രാപ്പൊലീത്തയും വൈദികരും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശം പൂര്‍ണമായി അംഗീകരിച്ചാണ് ഭദ്രാസനത്തിന്‍െറ പ്രവര്‍ത്തനം. ഭദ്രാസനത്തിലെ വൈദികരുടെ സ്ഥലംമാറ്റം നടത്തിയതായും വൈദികരെല്ലാം തന്നെ പുതിയ പള്ളികളില്‍ ചുമതല എടുത്തതായും അദ്ദേഹം പറഞ്ഞു. വൈദികരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് തീരുമാനവും ഉടനുണ്ടാകും. ഭദ്രാസനത്തിലെ ദൈനംദിന കാര്യങ്ങള്‍ കാതോലിക്ക ബാവയുമായി ആലോചിക്കണമെന്ന് ഫെബ്രുവരി 29ന് ചേര്‍ന്ന സുന്നഹദോസില്‍ നിര്‍ദേശമുണ്ടായെങ്കിലും ഇതിന്‍െറ മിനിറ്റ്സ് ലഭിക്കാത്ത സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും മാര്‍ തിമോത്തിയോസ് വ്യക്തമാക്കി. കാതോലിക്ക ബാവക്കും സുന്നഹദോസ് സെക്രട്ടറിക്കുമെതിരെ കേസ് നല്‍കിയവര്‍ തന്‍െറ ആളുകളാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഭരണഘടനാനുസൃതമായി കാര്യങ്ങള്‍ പോകണമെന്ന് താല്‍പര്യമുള്ള ചിലര്‍ അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് കേസ് നല്‍കിയത്. ചികിത്സ കഴിഞ്ഞ് വന്നപ്പോള്‍ ഇവരുമായി കാതോലിക്ക ബാവ ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രശ്നപരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.