കോട്ടയം: മഴക്കാലത്തിന് മുേമ്പ ധിറുതിയിൽ റോഡ് ടാറിങ് പൂർത്തിയാക്കിയ അധികൃതരുടെ പണി പാളി. കനത്ത മഴയിൽ പ്രധാനപാതകളിലും ഉപറോഡുകളിലും വലുതും ചെറുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പലതും നഗരത്തിലെ ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുന്ന വൻകുഴികളും വെള്ളക്കെട്ടുമാണ്. അടുത്തിടെ ആധുനിക നിലവാരത്തിൽ ടാറിങ് നടത്തിയ എം.സി റോഡിലെ ചിങ്ങവനം, നാട്ടകം, കോടിമത--മണിപ്പുഴ നാലുവരിപ്പാത, കോടിമതപാലം, ശീമാട്ടി റൗണ്ടാന, ബേക്കർ ജങ്ഷൻ, നാഗമ്പടം തുടങ്ങിയ സ്ഥലങ്ങളിൽ വൻകുഴികളാണുള്ളത്. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളിൽ ഇരുചക്രവാഹന യാത്രക്കാർ വീഴുന്നത് പതിവാണ്. പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. തിങ്കളാഴ്ച നാഗമ്പടം മേൽപാലത്തിനു സമീപം ചളിയിൽ തെന്നി ബൈക്ക് യാത്രക്കാരൻ തിരുവഞ്ചൂർ സ്വദേശി പി.സി. ശ്രീകുമാർ സ്വകാര്യബസിനടിയിലേക്ക് വീണ് മരിക്കാനിടയാക്കിയത് ഒടുവിലത്തെ സംഭവമാണ്. പലയിടത്തും നടത്തിയ കനംകുറഞ്ഞ ടാറിങ് ഇളകി മെറ്റലുകൾ ചിതറിക്കിടക്കുകയാണ്. കാൽനടക്കാർക്കും ഇത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ടി.ബി റോഡിൽ ചന്തയിലേക്ക് തിരിയുന്ന ഭാഗം, കെ.എസ്.ആർ.ടി.സിക്ക് മുൻവശം, ടി.ബിക്ക് എതിർവശം എന്നിവിടങ്ങളിലും കുഴിയാണ് പ്രധാനവില്ലൻ. കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ ബസിനെപ്പോലും ആടിയുലക്കുന്നതാണ് കുഴി. പലയിടത്തും രൂപപ്പെട്ട കുഴിയിൽ വീഴാതെ വാഹനങ്ങൾ വെട്ടിക്കുമ്പോൾ നിയന്ത്രണം വിട്ട് അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്. ആകാശപ്പാതക്കുവേണ്ടി കുത്തിപ്പൊളിക്കുകയും പിന്നീട് നവീകരിക്കുകയും ചെയ്ത ശീമാട്ടി റൗണ്ടാനയിൽ വീണ്ടും കുഴികൾ നിറഞ്ഞു. കോടിമത പാലത്തിൽ നിറഞ്ഞ കുഴികൾ ഭീതിപ്പെടുത്തുന്നു. ബലക്ഷയം സംഭവിച്ച പാലത്തിെൻറ കൈവരികൾ തകർത്ത് ആറ്റിലേക്ക് പതിക്കാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.