കുറവിലങ്ങാട്: സ്കൂൾ മുറ്റത്ത് ഔഷധത്തോട്ടം, ടൈൽ പാകിയ ക്ലാസ് മുറികൾ, നിറം പൂശിയ ചുമരുകൾ. അടച്ചുപൂട്ടലിെൻറ വക്കിൽനിന്ന് നല്ലകാലം തിരിച്ചുപിടിക്കാനൊരുങ്ങുന്ന വെളിയന്നൂർ സർക്കാർ എൽ.പി സ്കൂളാണ് മാറ്റങ്ങളോടെ കുരുന്നുകളെ വരവേൽക്കുന്നത്. ഇടുങ്ങിയ ക്ലാസ് മുറികളും പൊട്ടിത്തകർന്ന തറയും ചോർന്നൊലിക്കുന്ന കെട്ടിടവുമായായിരുന്നു വെളിയന്നൂർ സർക്കാർ വിദ്യാലയത്തിെൻറ പ്രവർത്തനം. ഇതോടെ ഏഴുപതിറ്റാണ്ട് പിന്നിട്ട വിദ്യാലയം അടച്ചുപൂട്ടലിെൻറ വക്കിലെത്തി. തങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുനടത്തിയ വിദ്യാലയം ഇല്ലാതാകുമെന്ന ഘട്ടത്തിലെത്തിയപ്പോൾ പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ജനകീയ ഇടപെടലുണ്ടായി. തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി, പൂർവ വിദ്യാർഥികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വികസനസമിതിക്ക് രൂപം നൽകിയതോടെയാണ് സ്കൂളിെൻറ മുഖഛായ മാറിത്തുടങ്ങിയത്. സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി. പഞ്ചായത്തിെൻറ വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തിയതോടെ വികസനത്തിന് ഫണ്ടുമായി. കുമ്മായം അടർന്ന് പൊടിനിറഞ്ഞ ഭിത്തിയിലായിരുന്നു നവീകരണത്തിെൻറ തുടക്കം. തേച്ചുമിനുക്കി ചായമണിഞ്ഞ ഭിത്തിയിൽ ഇപ്പോൾ മാനും മയിലും പുലിയും തത്തയുമൊക്കെ സ്ഥാനം പിടിച്ചു. മേൽക്കൂരയിലെ പൊട്ടിയ ഓടുകൾ മാറ്റി മഴക്കാലത്ത് നനഞ്ഞൊലിക്കാത്ത അവസ്ഥയുണ്ടാക്കി. കുട്ടികൾക്ക് സ്കൂളിലെത്താൻ പടികളോടുകൂടിയ നടപ്പാതയും നിർമിച്ചു. വിദ്യാലയത്തിെൻറ പിൻഭാഗം കാടുകയറിയ നിലയിയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി ഇവിടം വെട്ടിത്തെളിച്ചു. പുളിന്താനത്ത് മായ വി. നായർ സ്മാർട്ട് ക്ലാസ് മുറി നിർമിക്കാൻ ധനസഹായവുമായി എത്തി. നവീകരിച്ച സ്കൂളിെൻറ സമർപ്പണം ചൊവ്വാഴ്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.