കോട്ടയം: പരിശോധനക്ക് പൊലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടതോടെ ഇയാളെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച തീക്കോയി സ്വദേശി സജിത്താണ് പിടിയിലായത്. ജില്ലയിൽ പൊലീസ് നടത്തിയ സ്പെഷൽ കോമ്പിങ്ങിനിടെ പള്ളിക്കത്തോട്ടിലായിരുന്നു സംഭവം. ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചുവരെയായിരുന്നു ജില്ലയിൽ വ്യാപകമായി പൊലീസ് തിരച്ചിൽ നടത്തിയത്. ഇതിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒമ്പതുപ്രതികളെ പിടികൂടുകയും ചെയ്തു. കോമ്പിങ്ങിനിടെ 62 ബസ് സ്റ്റാൻഡുകൾ, 10 റെയിൽേവ സ്റ്റേഷനുകൾ, 119 ലോഡ്ജുകൾ എന്നിവ പരിശോധിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 146 പേർക്കെതിെരയും അമിത വേഗത്തിൽ വാഹനമോടിച്ച 88 പേർക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ച 101 പേർക്കെതിരെയും ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ച 371 പേർക്കെതിരെയും കേസെടുത്തു. സീറ്റ് ബെൽറ്റില്ലാതെ വാഹനം ഓടിച്ച 223 പേർക്കെതിരെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കാണപ്പെട്ട 29 പേർക്കെതിരെയും മാർഗതടസ്സം സൃഷ്ടിച്ച് നിർത്തിയിട്ടിരുന്ന 123 വാഹനങ്ങൾക്കെതിരെയും എൻ.ഡി.പി.എസ് ആക്ട് പ്രകാരം മൂന്നു പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള അറുപത്തിഅഞ്ചോളം മുൻ കുറ്റവാളികളെയും ജില്ലയിലെ ഗുണ്ട ലിസ്റ്റിൽപ്പെട്ട 79 പേരെ നിരീക്ഷിക്കുകയും ചെയ്തു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ല െപാലീസ് മേധാവി എൻ. രാമചന്ദ്രൻ അറിയിച്ചു. കോട്ടയം സബ് ഡിവിഷനിൽ ഡിവൈ.എസ്.പി സക്കറിയ മാത്യു, പാലാ സബ് ഡിവിഷനിൽ ഡിവൈ.എസ്.പി വി.ജി. വിനോദ് കുമാർ, വൈക്കം സബ് ഡിവിഷനിൽ ഡിവൈ.എസ്.പി എസ്. സുഭാഷ്, ചങ്ങനാശ്ശേരി സബ് ഡിവിഷനിൽ ഡിവൈ.എസ്.പി ബി. ശ്രീകുമാർ, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ ഇമ്മാനുവൽ പോൾ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സി.ഐമാരും എസ്.ഐമാരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.