കോട്ടയം: വിദ്യാലയമുറ്റങ്ങളില് വീണ്ടും പൂക്കാലം. തിമിർത്താഘോഷിച്ച വേനൽ അവധിക്കുശേഷം കുരുന്നുകൾ വ്യാഴാഴ്ച വീണ്ടും സ്കൂൾ മുറ്റങ്ങളിലേക്ക്. രണ്ടുമാസത്തെ നിശ്ശബ്ദതക്കൊടുവിൽ വിദ്യാലയങ്ങളിൽ ഇനി കളിചിരികളുടെ കാലം. ജില്ലയിൽ ഇത്തവണ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി പുതിയതായി 13,000ത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ കണക്കുകൂട്ടൽ. കഴിഞ്ഞവർഷം ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് 10,371 വിദ്യാർഥികളാണ് എത്തിയത്. ഇത്തവണ ഇതിൽ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതുവരെ എണ്ണായിരത്തോളം കുരുന്നുകൾ പുതിയതായി എത്തിയതായാണ് പ്രാഥമിക കണക്ക്. ആറാം പ്രവൃത്തിദിനംവരെ പ്രവേശനം നടക്കുമെന്നതിനാൽ ഇതിനുശേഷമെ കൃത്യമായ കണക്ക് ലഭിക്കൂ. സ്വാതന്ത്ര്യത്തിെൻറ നാളുകൾ അവസാനിച്ചെന്ന വേദനയിലും പ്രിയ സുഹൃത്തുക്കളെ വീണ്ടും കാണുന്നതിെൻറ സന്തോഷത്തിലുമാണ് കുട്ടിക്കൂട്ടം. എന്നാൽ, ആദ്യമായി വിദ്യാലയത്തിെൻറ പടികൾ കയറാനുള്ള ഒരുക്കത്തിലാണ് ഒന്നാം ക്ലാസുകാർ. പുത്തനുടുപ്പിട്ട് ബാഗും വർണക്കുടകളുമായെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ചുവരുകളുടെ മുഖംമിനുക്കിയും മുറ്റത്ത് പാർക്കുകൾ സ്ഥാപിച്ചും മറ്റും കുട്ടികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് പല വിദ്യാലയങ്ങളും. അറ്റകുറ്റപ്പണിയെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. മിക്ക സ്കൂളുകളിലും ക്ലാസ്മുറികള് സ്മാര്ട്ട് ക്ലാസ്റൂമുകളാക്കി മാറ്റി. പതിവുപോലെ പ്രവേശനോത്സവത്തോടെയാണ് ഇത്തവണയും വിദ്യാരംഭം. പ്രവേശനോത്സവങ്ങളിൽ ഗ്രീൻ പ്രോേട്ടാകോൾ പാലിക്കണമെന്ന നിർദേശവുമുണ്ട്. മധുരപലഹാരങ്ങൾ നൽകിയാകും നവാഗതരെ സ്വീകരിക്കുക. കുരുന്നുകളെ സ്കൂളിലേക്ക് ആനയിക്കാൻ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാഠപുസ്തകങ്ങളെല്ലാം വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു. യൂനിേഫാം വിതരണവും ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് പാത്രം നിരോധിച്ച സർക്കുലറും ഇത്തവണ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വിദ്യാലയങ്ങൾക്കായി നിരവധി പദ്ധതികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭക്ഷണം വിഷരഹിതമാക്കാൻ പച്ചക്കറികൾ ഹോർട്ടികോർപ്പിൽനിന്ന് വാങ്ങാനാണ് നിർദേശം. വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിന് കൃഷിഭവൻ 5000 രൂപ നൽകും. ഇൗ വർഷം 1000 വിദ്യാലയങ്ങളിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾ തുടങ്ങും. തുടർന്ന് മറ്റ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വിദ്യാലയങ്ങളിൽ മഴക്കൊയ്ത്ത് ഉത്സവം നടത്തും. ഇത്തവണ പാചകത്തിന് എൽ.പി.ജിയാകും ഉപയോഗിക്കുകയെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.