വിളകളുടെ വിസ്മയവുമായ് ഫാംഫെസ്റ്റ് ഇന്ന് സമാപിക്കും

ചങ്ങനാശ്ശേരി: അതിരൂപത സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഫാം ഫെസ്റ്റ് 2017’ തിങ്കളാഴ്ച സമാപിക്കും. ഭീമന്‍ ആഫ്രിക്കന്‍ കാച്ചില്‍, മലയന്‍, ത്രിമൂര്‍ത്തി തുടങ്ങിയ കപ്പയിനങ്ങളുടെ നൂറുകിലോയിലധികം വരുന്ന വമ്പന്‍ ചുവടുകള്‍, 50 കിലോ തൂക്കം വരുന്ന കുമ്പളങ്ങ, വ്യത്യസ്തമായ വാഴക്കുലകള്‍, 300 തേങ്ങപിടിച്ച തെങ്ങിന്‍ കുലകള്‍, വിവിധ പച്ചക്കറിയിനങ്ങള്‍ തുടങ്ങിയവയും വ്യത്യസ്ത കാഴ്കളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. പാറേല്‍ പള്ളി പാരീഷ് ഹാളിലാണ് വിളപ്രദര്‍ശനം. ഇതിനൊപ്പം കേരളത്തിലെ പരമ്പരാഗത കാര്‍ഷികോപകരണങ്ങളുടെയും ഗ്രാമജീവിതത്തില്‍ ഓര്‍മകളായ വീട്ടുപകരണങ്ങളുടെയും മനംനിറയുന്ന പ്രദര്‍ശനവും സജ്ജീകരിച്ചിരിക്കുന്നു. മരക്കലം, നാഴി, നെല്ലുകോരി, ചുണ്ണാമ്പുകുടം, കലപ്പ, തിരികല്ല്, തൂക്കുകല്ല്, മീന്‍കൂട, പലവ്യഞ്ജനപ്പെട്ടി, മീന്‍ തെറ്റാലി, ചര്‍ക്ക തുടങ്ങി പഴമയുടെ താളുകള്‍ തുറക്കുകയാണ് വിളപ്രദര്‍ശനത്തോടൊപ്പമുള്ള ഈ പൈതൃക പ്രദര്‍ശനം. ഖാദി വസ്ത്രങ്ങളുടെ തറിയും ശ്രദ്ധയാകര്‍ഷിക്കുന്നു. കരിങ്കോഴി, കാട, മുട്ടക്കോഴി എന്നിവയുടെ വില്‍പനയും മേളയിലുണ്ട്. സോളാര്‍ ലൈറ്റുകള്‍, ഫര്‍ണീച്ചറുകള്‍, നാടന്‍ ഭക്ഷണശാലകള്‍ ഒട്ടനവധി വിസ്മയക്കാഴ്ചകളൊരുക്കിയിട്ടുണ്ട്. ഞായറാഴ്ച ജലവും മണ്ണും ജീവന്‍െറ നിലനില്‍പ്പിന് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിന്‍െറ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു. ചങ്ങനാശ്ശേരി ഫൊറോന വികാരി ഫാ. കുര്യന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് കളരിക്കല്‍, അഡ്വ. പി.എ. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ജെ.ജി. റേ ക്ളാസ് നയിച്ചു. സമാപനദിനമായ തിങ്കളാഴ്ച രാവിലെ 10.30ന് സെമിനാര്‍ ഉദ്ഘാടനം പി.സി. ജോര്‍ജ് എം.എല്‍.എ നിര്‍വഹിക്കും. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12.30ന് ആശാകിരണം വളന്‍റിയേഴ്സ് സംഗമം നടക്കും. ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ ബാഡ്ജ് വിതരണം നടത്തും. നാലിന് സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഫാം ഫെസ്റ്റ് സമ്മാനക്കൂപ്പണ്‍ ബമ്പര്‍ നറുക്കെടുപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.