പൊലീസ് ശിശുസൗഹൃദ മനോഭാവം പുലര്‍ത്തണം – ജഡ്ജി ബിന്ദുകുമാരി

കോട്ടയം: കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി കസ്റ്റഡിയിലെടുക്കുന്ന കുട്ടികളോടും അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ ശിശുസൗഹൃദ മനോഭാവത്തോടെ പെരുമാറണമെന്ന് കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡജി വി.എസ്. ബിന്ദുകുമാരി പറഞ്ഞു. ജില്ലയിലെ സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കസ്റ്റഡിയിലെടുക്കുന്ന കുട്ടികളെ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കരുത്. കുറ്റകൃത്യങ്ങളില്‍ അവര്‍ പങ്കാളിയാകാന്‍ ഉണ്ടായ സാഹചര്യവും മാനസികാവസ്ഥയും മനസ്സിലാക്കണം. ജുവനൈല്‍ ഹോമിലത്തെുന്ന കുട്ടികള്‍ക്ക് സ്വന്തം കുട്ടിക്ക് നല്‍കുന്ന ശ്രദ്ധയും സംരക്ഷണവും വേണം. ഇവരുടെ തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ ഉറപ്പുവരുത്തി മാതൃകാ കുട്ടികളാക്കി മാറാനുള്ള ആര്‍ജവം ഉദ്യോഗസ്ഥര്‍ കാണിക്കണം. കുട്ടികള്‍ പീഡനത്തിനിരയാകുന്ന കേസുകളില്‍ തെളിവ നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വേഗം തെളിവുശേഖരണം നടത്തണമെന്നും അവര്‍ പറഞ്ഞു. എ.ആര്‍ ക്യാമ്പ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി എ. ഇജാസ് മുഖ്യപ്രഭാഷണം നടത്തി. ജുവനൈല്‍ പൊലീസ് യൂനിറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ ഡിവൈ.എസ്.പി (ഡി.സി.ആര്‍.വി) ഷാജിമോന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല ഗവ. പ്ളീഡര്‍ അഡ്വ. സജി കൊടുവത്ത്, പി.ആര്‍.ഡി അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ബി. ശ്രീകല എന്നിവര്‍ സംസാരിച്ചു. സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റും ബാലനീതി നിയമവും സംബന്ധിച്ച് ബാലാവകാശ കമീഷന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. മുഹമ്മദ് അന്‍സാരി, ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന 2012ലെ നിയമത്തെക്കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ ജില്ല കമ്മിറ്റി അംഗം അഡ്വ. രാജി പി. ജോയി, കുട്ടികളുടെ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ക്ളാസ് നയിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.ജെ. ബിനോയ് സ്വാഗതവും ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫിസര്‍ ആശിഷ് ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.