ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ഏറ്റുമാനൂര്‍: ഗവ.ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. ഇതിന്‍െറ ഭാഗമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഫ്ര സ്ട്രക്ചറല്‍ ബോര്‍ഡിനാണ് നടത്തിപ്പുചുമതല. അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്താന്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് ഐ.ടി.ഐകളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ. 22.8 കോടിയാണ് ആദ്യഘട്ടത്തില്‍ ഒരു ഐ.ടി.ഐക്ക് അനുവദിച്ചത്. പദ്ധതി പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കും. 52വര്‍ഷം പഴക്കമുള്ള ഐ.ടി.ഐയിലെ കെട്ടിടങ്ങളും ഉപകരണങ്ങളും ആധുനികവത്കരിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. 21ട്രേഡുകളാണ് ഇവിടെ നിലവിലുള്ളത്. എല്ലാ ട്രേഡുകള്‍ക്കും സ്മാര്‍ട്ട് ക്ളാസുകളും കാലഹരണപ്പെട്ട മെഷീനറികള്‍ക്കുപകരം ന്യൂ ജനറേഷന്‍ യന്ത്രസാമഗ്രികളും ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ ലൈബ്രറി, ഐ.ടി ലാബ്, ആധുനിക രീതിയിലുള്ള വര്‍ക്ക് ഷോപ്പുകള്‍, ഓഡിറ്റോറിയം, ശുചിമുറികള്‍, ഓഫിസ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍, ചുറ്റുമതില്‍, കാമ്പസിനുള്ളില്‍ സി.സി ടി.വി കാമറകള്‍ ഇവയും പദ്ധതിയുടെ ഭാഗമാണ്. ജീവനക്കാര്‍ക്കായി ഫ്ളാറ്റ് മാതൃകയില്‍ 36 ക്വാര്‍ട്ടേഴ്സും പണിയും. ജനുവരി 30ന് രാവിലെ 10ന് ഐ.ടി.ഐ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതായി പ്രഖ്യാപിക്കും. ടൂള്‍ ആന്‍റ് ഡൈ മേക്കിങ് ടെക്നീഷന്‍, പവര്‍ ഇലക്ട്രോണിക്സ്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകള്‍ക്കായി നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. അഡ്വ.കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഐ.ടി.ഐയില്‍ നിര്‍ത്തലാക്കിയതും കാലഹരണപ്പെട്ടതുമായ ട്രേഡുകള്‍ക്ക് പകരം ആരംഭിക്കുന്നതാണ് ടൂള്‍ ആന്‍റ് ഡൈ മേക്കിങ് ടെക്നീഷന്‍, പവര്‍ ഇലക്ട്രോണിക്സ് എന്നീ ട്രേഡുകള്‍. 79.55 ലക്ഷം രൂപ മുടക്കിലാണ് ഈ ട്രേഡുകള്‍ക്ക് പുതിയ മന്ദിരം പണികഴിപ്പിച്ചത്. എം.എം.വി ട്രേഡിനുള്ള മന്ദിരത്തിന് 37.46 ലക്ഷവും ഫിറ്റര്‍ ട്രേഡിന്‍െറ വര്‍ക്ക് ഷോപ്പ് നവീകരണത്തിന് 16 ലക്ഷവും ചെലവായതായി പ്രിന്‍സിപ്പല്‍ കെ.ബി. വിജയന്‍ പറഞ്ഞു. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.