എസ്.എം.ഇ സമരം കാമ്പസിന് പുറത്തേക്ക്

കോട്ടയം: എം.ജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ (എസ്.എം.ഇ) വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം കാമ്പസിനു പുറത്തേക്ക്. കോഴ്സുകള്‍ക്ക് ആരോഗ്യസര്‍വകലാശാല അംഗീകാരം നിഷേധിച്ച നടപടി സര്‍ക്കാര്‍ ഇടപെട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് 23 ദിവസമായി നടന്ന പ്രക്ഷോഭമാണ് രക്ഷിതാക്കളുടെ പിന്തുണയോടെ കാമ്പസിനു പുറത്തേക്കു വ്യാപിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 10ന് പൊലീസ് മൈതാനിയില്‍നിന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് തിരുനക്കര ഗാന്ധിപ്രതിമക്കു സമീപം അനിശ്ചിതകാല സമരം ആരംഭിക്കും. എട്ടു സെന്‍ററുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. 1994ല്‍ എം.ജി സര്‍വകലാശാല നേരിട്ട് ആരംഭിച്ച എസ്.എം.ഇ സംവരണ-മെറിറ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച അക്കാദമിക് നിലവാരത്തോടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച ഫീസല്ലാതെ ഒരു രൂപപോലും തലവരിപ്പണം വാങ്ങാത്ത സ്വാശ്രയസ്ഥാപനമാണിത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മികച്ച പ്ളേസ്മെന്‍റാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. എം.ജി സിന്‍ഡിക്കേറ്റ് അംഗം ഡോ. പി.കെ. പദ്മകുമാറിന്‍െറ നേതൃത്വത്തിലുള്ള ഉപസമിതി വിഷയം പഠിച്ച ശേഷം സര്‍വകലാശാല എസ്.എം.ഇ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കിയെങ്കിലും 2010നു ശേഷം തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കില്ളെന്ന ആരോഗ്യസര്‍വകലാശാലയുടെ ഉത്തരവ് നിലനില്‍ക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. സമരം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം നടത്തിയ ചര്‍ച്ചയിലെ വിവരങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വെളിപ്പെടുത്താത്തത് ദുരൂഹമാണ്. വി.സി സ്വകാര്യ സ്വാശ്രയലോബിയുമായി ഒത്തുകളിക്കുന്നതായി സംശയിക്കുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളുടെ വികാരവും രക്ഷിതാക്കളുടെ നൊമ്പരവും മനസ്സിലാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്വാശ്രയലോബി എസ്.എം.ഇയെ തകര്‍ക്കാന്‍ കാലങ്ങളായി ശ്രമിച്ചുവരുകയാണെന്നും സമരസമിതി പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളായ ആദില്‍, ഫൗസിയ കെ. കാസിം, അനന്തകൃഷ്ണന്‍, അനുരാജ്, രക്ഷാകര്‍തൃ പ്രതിനിധികളായ സുരേഷ് തൂമ്പുങ്കല്‍, രാജേന്ദ്രന്‍ എന്നിവര്‍ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.