ആദിവാസി യുവതിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു

ഗാന്ധിനഗര്‍: ഭര്‍ത്താവിന്‍െറ ക്രൂരമര്‍ദനത്തിന് വിധേയയായി ചികിത്സയില്‍ കഴിയുന്ന ആദിവാസി യുവതിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ശനിയാഴ്ച ഭക്ഷണം കഴിക്കുകയും എഴുന്നേല്‍പിച്ച് അല്‍പദൂരം നടത്തുകയും ചെയ്തതായി ചികിത്സക്ക് നേതൃത്വം നല്‍കുന്ന ജനറല്‍ സര്‍ജറി അസോസിയേറ്റ് പ്രഫസറും ആര്‍.എം.ഒയുമായ ഡോ. ആര്‍.പി. ബെഞ്ചമിന്‍ അറിയിച്ചു. ഇടുക്കി വാളറ പാട്ടയിടുമ്പ് ആദിവാസി കോളിയിലെ രവിയുടെ ഭാര്യ വിമലയും 14 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനുമായിരുന്നു മര്‍ദനമേറ്റത്. കഴിഞ്ഞ 12ന് രാത്രി വീട്ടിനുള്ളിലായിരുന്നു മര്‍ദനമേറ്റത്. 13ന് രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന വിമലയെ പിന്നീട് ഡയാലിസിന് വിധേയമാക്കിയ ശേഷം ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ നവജാതശിശു 15ന് രാത്രി മരിച്ചു. വിമലയുടെ ഹൃദയത്തിനും വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചതിനാല്‍ നെഫ്രോളജി ഡോ. കെ.പി. ജയകുമാറിന്‍െറ നേതൃത്വത്തില്‍ കാര്‍ഡിയോളജി, മെഡിസിന്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരുടെ അക്ഷീണ പ്രയത്നത്തിലൂടെയാണ് വിമലയുടെ ജീവന്‍ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യനില തൃപ്തികരമായാല്‍ രണ്ടു ദിവസത്തിനകം വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.