മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറിയില്‍ ഇനി ശസ്ത്രക്രിയ അഞ്ചു ദിവസം

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പരമാവധിപേര്‍ക്ക് ആശ്വാസകരമാകുംവിധം ആഴ്ചയില്‍ അഞ്ചു ദിവസം ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി വികസന സമിതി തീരുമാനം. നിലവില്‍ നാലു ദിവസമാണ് ശസ്ത്രക്രിയ നടത്തുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ് എത്തുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ് ഈ നടപടി. രോഗികളുടെ വര്‍ധനയനുസരിച്ച് ശസ്ത്രക്രിയ നടത്താനായി നഴ്സുമാരടക്കം ജീവനക്കാരെ നിയമിച്ചാല്‍ ആഴ്ചയില്‍ അഞ്ചുദിവസം ശസ്ത്രക്രിയ നടത്താമെന്ന് വകുപ്പ് മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്‍ അധികൃതരെ അറിയിക്കുകയും ഇതുസംബന്ധിച്ച് പ്രോജക്ട് തയാറാക്കി ആശുപത്രി വികസന സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17ന് ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം പ്രോജക്ട് അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. സര്‍ക്കാറിനു സാമ്പത്തിക ബാധ്യതയില്ലാത്ത സംവിധാനത്തിലാണ് ഹൃദ്രോഗവിഭാഗത്തില്‍ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്കായി കാരുണ്യ, ആര്‍.എസ്.ബി.വൈ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ടില്‍ ചെറിയ ശതമാനം ആശുപത്രി വികസന സമിതിക്ക് ലഭിച്ചാല്‍ നഴ്സ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം നല്‍കാനും കഴിയും. ന്യൂറോ വിഭാഗത്തിലും ഈ സംവിധാനം നടപ്പാക്കിയാല്‍ നൂറുകണക്കിന് രോഗികളെ യഥാസമയം ചികിത്സിക്കാന്‍ കഴിയുമെന്നും ഡോ. പി.കെ. ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.