പട്ടയം കാത്ത് ആലംപരപ്പ് ബ്ളോക്ക് കോളനിവാസികള്‍

കാഞ്ഞിരപ്പള്ളി: ആലംപരപ്പ് ബ്ളോക്ക് കോളനിവാസികളുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയില്‍ ലഭിച്ച പരാതിയെതുടര്‍ന്ന് നടത്തിയ സിറ്റിങ്ങില്‍ ഹാജരാകാതിരുന്നതിന് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഹാജരാകാന്‍ കത്തയച്ചിട്ടും ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയോ പ്രതിനിധികളോ കമ്മിറ്റി മുമ്പാകെ ഹാജരാകാതിരുന്നതിനാലാണ് നടപടി. ഭൂരഹിത-ഭവനരഹിതരെ പുനരധിവസിപ്പിക്കാന്‍ ബ്ളോക്ക് പഞ്ചായത്ത് 1997ലാണ് കൂവപ്പള്ളി വില്ളേജിലെ ബ്ളോക്ക് നമ്പര്‍ ഒമ്പതില്‍ റീസര്‍വേ നമ്പര്‍ 64ല്‍ ഉള്‍പ്പെടുന്ന ആലംപരപ്പില്‍ നാല് ഏക്കര്‍ സ്ഥലം വാങ്ങിയത്. പദ്ധതി പ്രകാരം നാലു സെന്‍റ് വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കി. വസ്തു ലഭിച്ചവര്‍ വീടു നിര്‍മിച്ച് താമസം തുടങ്ങിയിട്ട് 20 വര്‍ഷമായി. പട്ടികജാതി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍, ഇതുവരെ ഇവര്‍ക്ക് കൈവശരേഖയോ അനുമതിപത്രമോ പോലും നല്‍കിയിട്ടില്ല. വസ്തുവിനു രേഖകളും ആധാരങ്ങളുമില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ളെന്നും അതിനാല്‍ ഇവിടെ താമസിക്കുന്നവരുടെ സ്ഥലത്തിനു പട്ടയം നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ. എം.എ. ഷാജിയാണ് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയത്. എന്നാല്‍, ബ്ളോക്ക് പഞ്ചായത്തിന്‍െറ പേരില്‍ ആധാരം ചെയ്ത് വാങ്ങിയിട്ടുള്ള സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് ബ്ളോക്ക് പഞ്ചായത്ത് അധികൃതര്‍ ആധാരം നേരിട്ട് എഴുതി നല്‍കുന്നതാണ് ഉചിതമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ ലീഗല്‍ സര്‍വിസസ് കമ്മിറ്റിയില്‍ അറിയിച്ചു. ബ്ളോക്ക് പഞ്ചായത്ത് എന്‍.ഒ.സി നല്‍കിയാല്‍ മാത്രമേ കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ സാധിക്കൂവെന്നും തഹസില്‍ദാര്‍ കമ്മിറ്റി മുമ്പാകെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.