കോട്ടയം: ചലച്ചിത്ര ഗാനരംഗത്തെ അതുല്യ പ്രതിഭകള്‍ക്ക് അനശ്വരഗാനങ്ങള്‍കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സി.കെ. ജീവന്‍ സ്മാരക ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന രാകേന്ദു സംഗീതോത്സവം ഇന്നുമുതല്‍ നാലുദിവസം കോട്ടയം എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടക്കും. പാട്ടും പാട്ടിന്‍െറ ചരിത്രവും പിന്നാമ്പുറ കഥകളും പ്രഭാഷണങ്ങളും നാടന്‍ ഭക്ഷ്യമേളയും പ്രദര്‍ശനങ്ങളും ചാലിച്ച പുതിയ രുചിക്കൂട്ടുകളുമായി രാകേന്ദു സംഗീതോത്സവം നഗരസന്ധ്യകള്‍ക്ക് വര്‍ണം പകരും. ആര്‍ട്ടിസ്റ്റ് സുജാതന്‍, ആര്‍ക്കിടെക്ട് എ. ജോണ്‍, ഗ്രാഫിക് ഡിസൈനര്‍ എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പന ചെയ്തതാണ് വേദി. വൈകീട്ട് അഞ്ചിന് മന്ത്രി സി. രവീന്ദ്രനാഥ് സാഹിത്യസംഗീതോത്സവത്തിന് തിരിതെളിക്കും. സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞ ഡോ. മാലിനി ഹരിഹരന്‍ എം.എസ്. സുബ്ബലക്ഷ്മി അനുസ്മരണം നടത്തും. പ്രഫ. ബി.എല്‍. ശശികുമാര്‍ ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷതവഹിക്കും. കവി ഒ.എന്‍.വി. കുറുപ്പിന് ചലച്ചിത്ര/നാടക ഗാനങ്ങള്‍കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കുന്ന ‘നിറനിലാവ്’ പരിപാടിയില്‍ കല്ലറ ഗോപന്‍, ഉദയ് രാമചന്ദ്രന്‍, സുമേഷ് കൃഷ്ണ, ലീല ജോസഫ്, അപര്‍ണ രാജീവ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. സംഗീതസംബന്ധിയായ സ്റ്റാമ്പുകള്‍, പെയിന്‍റിങ്ങുകള്‍, കാരിക്കേച്ചര്‍, പുസ്തകങ്ങള്‍ ഇവയടങ്ങിയ ‘സംഗീതകാഴ്ചകള്‍’ പ്രദര്‍ശനം വൈകുന്നേരം 4.30 മുതല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.